മാണ്ഡി : തിരഞ്ഞെടുപ്പ് ആസന്നമായ ഹിമാചല്‍ പ്രദേശിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രചരണം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മാണ്ഡിയില്‍ നടക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുക. ചടങ്ങില്‍ വച്ച് രാഹുല്‍ഗാന്ധി വീര്‍ഭദ്ര സിങ്ങിനെ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും എന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ വര്‍ഷം അവസാനമായിരിക്കും ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക.

സംസ്ഥാന കോണ്‍ഗ്രസിലെ ചേരിപ്പോരുകള്‍ക്കിടയിലാണ് രാഹുല്‍ഗാന്ധിയുടെ പോതുരാളി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കാവുന്ന വീര്‍ഭദ്ര സിങ്ങും പ്രദേശ്‌ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സുഖ്വീന്ദര്‍ സിങ്ങും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മാറ്റിവെച്ചാണ് ശനിയാഴ്ചത്തെ പരിപാടി. ഇരുവരും അന്നേ ദിവസം രാഹുലിനൊപ്പം വേദി പങ്കിടും എന്നാണു അറിയുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഢ യുടെ മണ്ഡലമായ ബിലാസ്പ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബഹുജനറാലിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സംസ്ഥാനത്തേക്ക് എത്തുന്നത്. ബിലാസ്പൂരില്‍ എത്തിയ നരേന്ദ്ര മോദി എഐഐഎംഎസിന്‍റെ പുതിയ പദ്ധതിയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചിരുന്നു.

ബിജെപിയുടെ മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും പതിനാറു വയസ്സുകാരിയായ സ്കൂള്‍ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവവും മറ്റും രാഷ്ട്രീയായുധമാക്കാനാവും കോണ്ഗ്രസ് ശ്രമിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ