ബെംഗളൂരു: കർണാടകയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബെല്ലാരി ജില്ലയിലെ ഹൊസപേട്ട് മുൻസിപ്പൽ ഗ്രൗണ്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ തുടക്കമിട്ട് സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയയെും നോട്ട് നിരോധനത്തെയും ജിഎസ്‌ടിയെയും വിമർശിച്ചു.

മോദിയുടെ ദീർഘവീക്ഷണമില്ലായ്മയാണ് രാജ്യത്ത് നോട്ട് നിരോധനവും ജിഎസ്‌ടിയും നടപ്പിലാക്കാൻ ഇടയാക്കിയത്. കഴിഞ്ഞു പോയ കാലഘട്ടത്തെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് താൽപര്യമില്ല. ഭാവിയെക്കുറിച്ചാണ് അവരുടെ ചിന്ത. ഒരു വാഹനത്തിന്റെ പുറകുവശത്തെ കണ്ണാടി നോക്കി വാഹനമോടിക്കുന്ന ആളെപ്പോലെയാണ് പ്രധാമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം മുന്നോട്ടല്ല, പിന്നോട്ടേക്കാണ് നോക്കുന്നത്, രാഹുൽ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സർക്കാരിനെ രാഹുൽ പ്രശംസിച്ചു. സിദ്ധരാമയ്യയുടേത് അഴിമതി രഹിത ഭരണകൂടമാണ്. കർഷകരുടെ വായ്‌പകൾ എഴുതിത്തളളിയും തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിക്കുകയും ചെയ്ത സിദ്ധരാമ്മയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പഠിക്കണം. മോദിയുടെ ദീർഘവീക്ഷണമില്ലായ്മയാണ് നോട്ടു നിരോധനത്തിനും ജിഎസ്ടിക്കും കാരണമെന്നും രാഹുൽ പറഞ്ഞു.

നരേന്ദ്ര മോദി അഴിമതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ ബി.എസ്.യെഡിയൂരപ്പയുടെ നേതൃത്വത്തിലുളള ബിജെപി സർക്കാരാണ് അഴിമതിയുടെ റെക്കോർഡ് തകർത്തതെന്ന കാര്യം മോദി മറന്നുപോയി. ബിജെപി സർക്കാരിന്റെ അഴിമതിക്ക് മറ്റൊരു ഉദാഹരണമാണ് റാഫേൽ അഴിമതി- രാഹുൽ പറഞ്ഞു.

ബല്ലാരിയുമായി എനിക്ക് പ്രത്യേകമായൊരു ബന്ധമുണ്ട്. ഇവിടുത്തെ ജനങ്ങൾ സോണിയ ഗാന്ധിക്ക് ഒപ്പം നിന്നവരാണ്. ഇതൊരിക്കലും താൻ മറക്കില്ലെന്നും രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ