ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഒരു രാജ്യത്തെ നിർമ്മിക്കുന്നത് അവിടുത്തെ ജനങ്ങളാണെന്നും ഭൂമിയുടെ തുണ്ടുകളല്ലെന്നും പറഞ്ഞ രാഹുൽ അധികാര ദുർവിനിയോകം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തെത്തിയിരുന്നു. ഇത് വളരെ ദുഖകരമായ ദിവസമാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിവസമാണെന്നും ചിദംബംരം പറഞ്ഞു.

”ഒരംഗം പറയുകയുണ്ടായി നിങ്ങള്‍ ചരിത്രത്തിലെ തെറ്റ് തിരുത്തിയെന്ന്. നിങ്ങള്‍ തെറ്റായിരുന്നുവെന്ന്.
ചരിത്രം തെളിയിക്കും. എത്ര കൊടിയ തെറ്റാണിതെന്ന് ഭാവി തലമുറകള്‍ തിരിച്ചറിയും” പി ചിദംബരം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ന് കീഴില്‍ വരുന്ന നിയമം ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ 370 തന്നെ മാറ്റാന്‍ സാധിക്കില്ലെന്നും പി ചിദംബരം പറഞ്ഞു.

Read More: ‘നിങ്ങള്‍ തെറ്റാണ്, കാലം അത് തെളിയിക്കും’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചിദംബരം

ജമ്മു കശ്മീരിനോട് ചെയ്യുന്നത് ഏതൊരു സംസ്ഥാനത്തോടും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും തെറ്റായൊരു സന്ദേശമാണ് നല്‍കുന്നത്. ദയവു ചെയ്ത് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ഇല്ലാതാക്കരുത്. കൊടിയ പാപം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

”ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും നിങ്ങള്‍ ജയിച്ചെന്ന്. പക്ഷെ നിങ്ങള്‍ തെറ്റാണ്. ചരിത്രം അത് തെളിയിക്കും. വരും തലമുറ ഈ സഭ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് തിരിച്ചറിയും” ചിദംബരം പറഞ്ഞു. ബിജെപിയ്ക്ക് ചരിത്രത്തെ കുറിച്ചും ഭൂമിശാസ്ത്രത്തെ കുറിച്ചും യാതൊരു ബോധവുമില്ലെന്നും ജമ്മു കശ്മീരിനെ വോട്ടിന് വേണ്ടി തകര്‍ത്തെന്നും കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ് പ്രതികരിച്ചു.

”ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും റദ്ദാക്കുക മാത്രമല്ല സംസ്ഥാനത്തെ വിഭജിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ അവര്‍ തുണ്ടം തുണ്ടമാക്കി. അതിര്‍ത്തി സംസ്ഥാനങ്ങളേയും അവിടുത്തെ ജനങ്ങളേയും ഉപയോഗിച്ച് കളിച്ചാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ബിജെപിയ്ക്ക് അറിയില്ല” ഗുലാം നബി ആസാദ് പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കി പോന്നിരുന്ന വകുപ്പാണ് ആര്‍ട്ടിക്കള്‍ 370. ഇതിനെതിരെ ബിജെപി നേരത്തെ മുതലേ രംഗത്തുണ്ടായിരുന്നു. മറ്റെല്ലാ സംസ്ഥാനങ്ങളിലും നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. എന്നാല്‍, ജമ്മു കശ്മീര്‍ നിയമസഭയുടെ കാലാവധി ആറ് വര്‍ഷമായിരുന്നു. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു. ഇത്തരം അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയ നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook