ന്യൂഡല്‍ഹി: ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് താന്‍ ജമ്മു കശ്മീരില്‍ എത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരിലെ ജനങ്ങളുടെ അവസ്ഥയെ കുറിച്ച് ഞങ്ങള്‍ക്ക് അറിയണമായിരുന്നു. ജനങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസിലാക്കാനാണ് താനടക്കമുള്ള നേതാക്കള്‍ കശ്മീരിലെത്തിയത്. എന്നാല്‍, വിമാനത്താവളത്തിന് അപ്പുറം കടക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവരോടും മോശമായാണ് പെരുമാറിയത്. ഇതില്‍ നിന്നെല്ലാം മനസിലാക്കാന്‍ സാധിക്കുന്നത് ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലല്ല എന്നാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷ നേതാക്കളടങ്ങുന്ന സംഘത്തെ ശ്രീനഗറില്‍ നിന്ന് തിരിച്ചുവിടുകയായിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് പോകാന്‍ നേതാക്കളെ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ തിരിച്ചയക്കുകയായിരുന്നു. പ്രതിപക്ഷ നേതാക്കളെല്ലാം ഇക്കാര്യത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിക്കൊപ്പം സിപിഐ സെക്രട്ടറി ഡി.രാജ, സിപിഎം സെക്രട്ടറി സീതാറം യെച്ചൂരി, ശരദ് യാദവ്, ഗുലാം നബി ആസാദ്, കെ.സി.വേണുഗോപാൽ തുടങ്ങി 12 ഓളം നേതാക്കളാണ് ഉണ്ടായിരുന്നത്.

രാഹുലിന്റെ ആവശ്യം ഇപ്പോള്‍ കശ്മീരിലില്ലെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പ്രതികരിച്ചു. ഡല്‍ഹിയില്‍ പറഞ്ഞ കള്ളം ഇവിടെ വന്ന് ആവര്‍ത്തിച്ച് സ്ഥിതിഗതികള്‍ രൂക്ഷമാക്കലാണ് രാഹുലിന്റെ ആവശ്യം. അത് നടക്കില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.

Read Also: തരിഗാമിക്ക് വേണ്ടി യെച്ചൂരി സുപ്രീം കോടതിയില്‍; രാഹുല്‍ ഗാന്ധിയെ തിരിച്ചയച്ചു

കശ്മീരിന് പ്രത്യേക പദവി അനുവദിച്ചുകൊണ്ടുള്ള ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആശങ്ക പരിഹരിക്കാന്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ ആവശ്യം.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കുല്‍ഗാം എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സിപിഎം കോടതിയില്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ യെച്ചൂരി ഹേബിയസ് കോർപസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

Read Also: ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം ‘മെസി’

ദിവസങ്ങളായി കസ്റ്റഡിയിൽ തുടരുന്ന തരിഗാമിക്ക് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ ആരോപിക്കുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, പ്രമുഖ നേതാവായ സാജിദ് ലോൺ, കോൺ​ഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവർക്കെതിരായ നടപടിക്ക് പിന്നാലെയാണ് യുസഫ് തരിഗാമിയെയും കസ്റ്റഡിയിലെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook