തൃശൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. രാഹുൽ ഗാന്ധി അഭയാർഥികളുടെ നേതാവാണെന്ന് ബിജെപി നേതാവ് പ്രഹ്ളാദ് ജോഷി പറഞ്ഞു. അമേഠിയിലെ ജനങ്ങൾ തിരസ്‌കരിച്ചപ്പോൾ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് അഭയം തേടിയെത്തുകയായിരുന്നെന്ന് ജോഷി പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിന് ശേഷമുള്ള ബിജെപിയുടെ സംസ്ഥാന നിർവാഹക സമിതി യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അമേഠി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു. അവിടെ തോൽക്കുമെന്നായപ്പോൾ രാഹുൽ കേരളത്തിലേക്ക് എത്തി. മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടും അമേഠിയുടെ വികസനത്തിനായി രാഹുൽ ഒന്നും ചെയ്‌തിട്ടില്ല. അമേഠിയിലെ പൊതു ആരോഗ്യ മേഖലയിൽ ഒരു എക്‌സ്റേ മെഷീൻ പോലും ഇല്ല. ഒടുവിൽ അദ്ദേഹം വയനാട്ടിലെത്തി. അദ്ദേഹം കേരളത്തിലെത്തിയതുകൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നവർക്ക് അധികം വൈകാതെ മനസിലാകും,” പ്രഹ്ളാദ് ജോഷി തൃശൂരിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: ചെപ്പോക്കിൽ വാരിക്കുഴി തീർത്ത് അശ്വിനും പന്തും, ലോറൻസ് പുറത്ത്; കുശാഗ്രബുദ്ധിയെന്ന് ക്രിക്കറ്റ് ലോകം

ശബരിമല യുവതീപ്രവേശന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് തട്ടിലാണെന്ന് ബിജെപി കുറ്റപ്പെടുത്തി. “ശബരിമല യുവതീപ്രവേശനത്തിൽ സ്വന്തം നിലപാട് വ്യക്തമാക്കാൻ രാഹുൽ തയ്യാറാകണം. ശബരിമല വിഷയത്തെ കുറിച്ച് രാഹുൽ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ഞാൻ രാഹുലിനെ വെല്ലുവിളിക്കുന്നു. ഈ വിഷയത്തിൽ രാഹുലിന്റെ നിലപാട് എന്താണ് ? വ്യക്തമാക്കൂ. ശബരിമല യുവതീപ്രവേശന വിധിയെ രാഹുൽ ഗാന്ധി ആദ്യം പിന്തുണച്ചിരുന്നു. എന്നാൽ, സംസ്ഥാന നേതൃത്വം വിധിയെ എതിർത്തു. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും രണ്ട് തട്ടിലാണ്,” ജോഷി പറഞ്ഞു.

“എൽഡിഎഫും യുഡിഎഫും കേരളത്തിൽ വൻ പരാജയമാണ്. ഇരു മുന്നണികളെയും ബിജെപി പരാജയപ്പെടുത്തും. കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റും നടത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ബിജെപിയുടെ ‘വിജയയാത്ര’ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫ്ലാഗ് ഓഫ് ചെയ്യും. ഫെബ്രുവരി 21 ന് കാസർഗോഡ് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ‘വിജയയാത്ര’ നയിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രിയും മുൻ ബിജെപി അധ്യക്ഷനുമായ അമിത് ഷാ മാർച്ച് ഏഴിന് ‘വിജയയാത്ര’ തിരുവനന്തപുരത്ത് എത്തുമ്പോൾ മുഖ്യാതിഥിയായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook