ബെംഗലൂരു: തമിഴ്നാട്ടിെ അമ്മ കാന്റീൻ മാതൃകയിൽ കർണ്ണാടക സർക്കാർ ആരംഭിച്ച ഇന്ദിര കാന്റീൻ ബെംഗലൂരുവിൽ പ്രവർത്തനം തുടങ്ങി. കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംയുക്തമായാണ് ഇന്ദിര കാന്റീനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ കർണ്ണാടകത്തിൽ എത്തുന്നത്. “എല്ലാവർക്കും ഭക്ഷണമെന്ന കോൺഗ്രസ് മുദ്രാവാക്യത്തിലേക്കുള്ള രണ്ടാമത്തെ നടപടിയാണി”തെന്ന് രാഹുൽ ഗാന്ധി പിന്നീട് ട്വിറ്ററിൽ കുറിച്ചു.
ഇന്ദിര കാന്റീനിൽ നിന്ന് പ്രഭാത ഭക്ഷണത്തിന് 5 രൂപയും ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയ്ക്ക് പത്ത് രൂപയുമാണ് ഈടാക്കുക.
Lunch at #IndiraCanteen with Karnataka's leaders. Through this programme we hope to fight against hunger, starvation & poverty: Rahul Gandhi pic.twitter.com/CZAgYUfwx8
— Congress (@INCIndia) August 16, 2017
കോൺഗ്രസ് സർക്കാരാണ് ഈ ആശയം യാഥാർത്ഥ്യമാക്കിയതെന്നതിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ബിജെപി നേതാക്കൾ ഇവിടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുമെന്നും പറഞ്ഞു. ഇന്ദിര കാന്റീൻ ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുറാലിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഘട്ടത്തിൽ ഈ പദ്ധതിയിൽ 101 കാന്റീനുകളാണ് തുറക്കുന്നത്. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ഗാന്ധിജിയുടെ 150ാം ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ട് ബെംഗലൂരുവിലെ 97 വാർഡുകളിലും കാന്റീനുകൾ തുറക്കും.