മന്ദ്സൗർ (മധ്യപ്രദേശ്): രാജ്യത്തിലെ യുവാക്കളെയും കർഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുവാക്കൾക്ക് രണ്ടു കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് മോദി പറഞ്ഞു. കർഷകരുടെ വിളകൾക്ക് തക്കതായ വില ലഭിക്കുമെന്ന് ഉറപ്പ് നൽകി. പക്ഷേ ഇവ രണ്ടും പാലിക്കപ്പെട്ടില്ലെന്നും രാഹുൽ പറഞ്ഞു. മധ്യപ്രദേശിലെ മന്ദ്സൗറിൽ കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

15 ബിസിനസുകാരുടെ 1.5 ലക്ഷം കോടി രൂപയുടെ വായ്‌പ പ്രധാനമന്ത്രി മോദി എഴുതിതളളി. കർഷകരുടെ കടങ്ങൾ എഴുതിത്തളളണമെന്ന് അദ്ദേഹത്തോട് ഞാൻ അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി മൗനമായിരുന്നു. ഇതേ ആവശ്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനോടും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും അഭ്യർത്ഥിച്ചപ്പോൾ 10 ദിവസത്തിനുളളിൽ കർഷക കടം എഴുതി തളളി. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ 10 ദിവസങ്ങൾക്കുളളിൽ കർഷക കടങ്ങൾ എഴുതി തളളുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു- രാഹുൽ പറഞ്ഞു.

നമ്മൾ കഴിക്കുന്ന ഭക്ഷണം കർഷകരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കഠിധ്വാനം കൊണ്ടാണ്, മറിച്ച് വലിയ ബിസിനസുകാരുടേതു കൊണ്ടല്ല. അതിനാലാണ് കർഷകർക്ക് നമ്മൾ മുഗണന നൽകേണ്ടത്. മോദിയും ബിജെപി സർക്കാരും കർഷകരെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് സത്യം. അവർ തങ്ങളുടെ ബിസിനസ് കൂട്ടുകാർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്.

മധ്യപ്രദേശിൽ 1,200 കർഷകരാണ് കടക്കെണി മൂലം ആത്മഹത്യ ചെയ്‌തത്. കോടിക്കണക്കിന് രൂപ കടമുളള ഏതെങ്കിലും ബിസിനനസുകാരനോ അദ്ദേഹത്തിന്റെ കുടുംബമോ ആത്മഹത്യ ചെയ്‌തിട്ടുണ്ടോയെന്നും രാഹുൽ ചോദിച്ചു.

രാജ്യത്തെ ജനങ്ങൾക്കാണ് എന്റെ ആദ്യ മുൻഗണന. കോൺഗ്രസ് പ്രവർത്തകർക്കാണ് രണ്ടാമത് മുൻഗണനയെന്നും മൂന്നാമത് കോൺഗ്രസ് നേതാക്കൾക്കുമാണെന്നും രാഹുൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ