ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈലാസ്-മാനസരോവർ തീർത്ഥാടന യാത്രയിലാണ്. യാത്രയുടെ ദൃശ്യങ്ങളും അനുഭവങ്ങളും ട്വിറ്ററിലൂടെ രാഹുൽ പങ്കുവയ്ക്കുന്നുണ്ട്.

”ശാന്തവും പ്രശാന്തവും മലിനമാകാത്തതുമാണ് മാനസരോവറിലെ തടാകത്തിലെ വെളളം. അവയെല്ലാം നമുക്ക് തരുന്നു, ഒന്നും നഷ്ടപ്പെടുത്തുന്നുമില്ല. ഇവിടെനിന്നും ആർക്കും വെളളം കുടിക്കാം. ഇവിടെ വിദ്വേഷമില്ല. അതിനാലാണ് വെളളത്തെ ഇന്ത്യയിൽ നമ്മൾ ആരാധിക്കുന്നത്”, മാനസരോവറിലെ തടാകത്തിന്റെ ചിത്രം പങ്കുവച്ച് രാഹുൽ കുറിച്ചു.

ഇവിടേക്കുളള വിളിയെത്തിയാൽ മാത്രമേ ഒരാൾക്ക് കൈലാസത്തിലേക്ക് വരാൻ കഴിയൂ. എനിക്ക് ആ അവസരം കിട്ടിയതിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ യാത്രയിൽ കാണുന്ന സുന്ദര ദൃശ്യങ്ങളും അനുഭവങ്ങളും നിങ്ങൾക്കായി ഞാൻ പങ്കുവയ്ക്കുമെന്ന് മറ്റൊരു ട്വീറ്റിൽ രാഹുൽ പറഞ്ഞിട്ടുണ്ട്.

ഓഗസ്റ്റ് 31 നാണ് കൈലാസ്-മാനസരോവർ യാത്രയ്ക്കായി രാഹുൽ പുറപ്പെട്ടത്. സെപ്റ്റംബർ 12 വരെയാണ് അദ്ദേഹത്തിന്റെ യാത്ര.

കർണാടക തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാഹുൽ സഞ്ചരിച്ചിരുന്ന വിമാനം ആകാശത്തുവച്ച് തകരാറിലായിരുന്നു. ഏപ്രിൽ 26 ന് ഡൽഹിയിൽനിന്നും ഹൂബ്ലിയിലേക്ക് വിമാനത്തിൽ രാഹുലും മറ്റു ചില നേതാക്കളും വരവേയാണ് തകരാറുണ്ടായത്. പെട്ടെന്ന് തന്നെ പൈലറ്റ് ഇത് പരിഹരിച്ച് വിമാനം നിലത്തിറക്കുകയായിരുന്നു. സംഭവം നടന്ന് മൂന്നു ദിവസത്തിനുശേഷം ഏപ്രിൽ 29 ന് ഒരു റാലിയിൽ വച്ചാണ് കൈലാസ് മാനസരോവർ യാത്ര പോകുമെന്ന് രാഹുൽ അറിയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ