ഗാന്ധിനഗർ: കള്ളപ്പണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് തിരഞ്ഞെടുപ്പ് വാഗ്‌ദാനം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ”മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് 3 വർഷമാകുന്നു. സ്വിസ് ബാങ്കിൽ അക്കൗണ്ടുളള എത്ര കളളപ്പണക്കാർ അഴിക്കുള്ളിലായി? സ്വിസ് ബാങ്കിൽ അക്കൗണ്ടുളള കളളപ്പണക്കാരെയും കളളപ്പണത്തെയും കുറിച്ച് മോദി എപ്പോഴും സംസാരിക്കുന്നു. പക്ഷേ കളളപ്പണം രാജ്യത്ത് തിരികെ കൊണ്ടുവരുന്നതിന് മോദി എന്താണ് ചെയ്തത്?. വിജയ് മല്യ ലണ്ടനിൽ ജീവിതം ആഘോഷിക്കുന്നു. മല്യയുടെ കാര്യത്തിൽ മോദി എന്താണ് ചെയ്തതെന്നും രാഹുൽ ചോദിച്ചു. ഗുജറാത്തിലെ ഭറൂച്ചില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെയും രാഹുൽ കളിയാക്കി. ”ആശുപത്രിയിൽ പോയാൽ നിങ്ങളുടെ പോക്കറ്റിൽ ലക്ഷങ്ങൾ ഇല്ലെങ്കിൽ നിങ്ങളെ പുറത്തേക്ക് വലിച്ചെറിയും. ഇതാണ് ഗുജറാത്ത് മോഡൽ ഭയ്യാ. പണമില്ലെങ്കിൽ നിങ്ങൾക്ക് ചികിൽസ കിട്ടില്ലെന്നും” രാഹുൽ പറഞ്ഞു.

”മോദിയുടെ അടുപ്പക്കാരായ വ്യവസായികളാണ് ഗുജറാത്തിലെ എല്ലാ ആശുപത്രികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാർ. കാർഷിക വായ്പകൾ മൂലം ഗുജറാത്തിലെ കർഷകർ ദുരിതത്തിലാണ്. വായ്പകൾ എഴുതിത്തളളണമെന്നാണ് കർഷകരുടെ ആവശ്യം. ടാറ്റ നാനോയ്ക്ക് കുറഞ്ഞ പലിശ നിരക്കിൽ മോദി ബാങ്ക് വായ്പ നൽകി. നിങ്ങളുടെ ഭൂമിയും വെള്ളവും നൽകി. ടാറ്റ നാനോയ്ക്ക് നൽകിയ വായ്പയുണ്ടങ്കിൽ കർഷകരുടെ മുഴുവൻ വായ്പയും അടയ്ക്കാമായിരുന്നു. എന്നിട്ട് റോഡിൽ എവിടെയെങ്കിലും നിങ്ങളൊരു നാനോ കാർ കണ്ടോ?. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മോഡൽ” എന്നും രാഹുൽ കളിയാക്കി.

ഗുജറാത്തിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപിക്ക് ഷോക്കടിക്കുമെന്നും രാഹുൽ പറഞ്ഞു. ജനങ്ങൾ സത്യം മനസ്സിലാക്കി കഴിഞ്ഞു. ഗുജറാത്തിലെ അടുത്ത സർക്കാർ കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിയുളളതായിരിക്കുമെന്നും മോദിയുടെ വ്യവസായികൾക്കുളളതായിരിക്കില്ലെന്നും രാഹുൽ ഉറപ്പ് നൽകി.

ലോക ബാങ്കിന്റെ വ്യവസായ സൗഹൃദ മാനദണ്ഡ പ്രകാരമുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തിയെന്ന റിപ്പോര്‍ട്ടിനതിരെയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ വിമര്‍ശിച്ചു. വ്യവസായികള്‍ക്കാണ് രാജ്യത്ത് കാര്യങ്ങള്‍ എളുപ്പമായതെന്നും മുതലാളിത്ത സൗഹൃദ നടപടികളാണ് മോദി കൈക്കൊളളുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക ബാങ്കിന്റെ വ്യവസായ സൗഹൃദ മാനദണ്ഡ പ്രകാരമുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടികയില്‍ 30 സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ നൂറാം സ്ഥാനം നേടിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ പാവങ്ങള്‍ വിലയിരുത്തിയതല്ല ഇതെന്നും വിദേശികളുടെ വിലയിരുത്തലിലാണ് മോദിയും സംഘവും പരസ്പരം അഭിനന്ദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ‘രാജ്യത്ത് വ്യാപാരം എളുപ്പമായിട്ടുണ്ടോ എന്ന് ചെറുകിട വ്യാപാരികളോട് ചോദിക്കണം. രണ്ട് ആഘാതങ്ങളായ ജിഎസ്ടിയും നോട്ട് നിരോധനവും വ്യാപാരികളെ നഷ്ടത്തിലേക്കാണ് എത്തിച്ചത്’. മോദിയുടെ വ്യവസായികള്‍ 28 ശതമാനം ജിഎസ്ടി അടക്കില്ല, പക്ഷെ സാധാരണക്കാരായ നിങ്ങള്‍ അടക്കേണ്ടി വരും’, കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ കുറ്റപ്പെടുത്തി.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് 2018 റിപ്പോര്‍ട്ടിലാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയതായി കാണിക്കുന്നത്. ആകെ 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നോട്ട് നിരോധനവും ജി എസ് ടിയും വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങള്‍ നട്ടം തിരിയുകയും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാതിരിക്കുകയും വളര്‍ച്ചാനിരക്കില്‍ വലിയ തിരിച്ചടി ഉണ്ടാവുകയും നോട്ട് നിരോധനം ഒരു വന്‍ ദുരന്തമാണെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നതിന് ഇടയിലാണ് ഇന്ത്യ എളുപ്പത്തില്‍ ബിസിനസ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന വ്യവസായികള്‍ക്ക് സൗകര്യമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook