ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി സന്ദര്‍ശനം ആരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ സ്വന്തം മണ്ഡലത്തിലെത്തിയത്. കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ബിജെപിക്കും ആര്‍എസ്എസിനും എതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച രാഹുല്‍ ജിഎസ്ടി എന്താണെന്ന് കേന്ദ്രത്തിന് ഇതുവരെയും മനസ്സിലായിട്ടില്ലെന്നും കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലാണ് അമേഠിയിലെ ആറ് ദേശീയപാതകളും പണിതതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്തെ ജനങ്ങളുടെ സമയം നശിപ്പിക്കുന്നത് പ്രധാനമന്ത്രി നിര്‍ത്തണം. വാഗ്ദാനം ചെയ്തത് പോലെ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടത്. രാജ്യത്തെ കര്‍ഷകരും യുവാക്കളും അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രി അത് പറയണം. ആറ് മാസം കൊണ്ട് കോണ്‍ഗ്രസ് അത് പരിഹരിക്കും’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അമേഠിയിലെ രാഹുലിന്റെ പരിപാടികള്‍ നീട്ടി വയ്ക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടത് നേരത്തെ വിവാദമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതൃത്വം രംഗത്ത് വന്നിരുന്നു. ഇതിന് ശേഷം അനുമതി നല്‍കുകയായിരുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി, സന്ദര്‍ശനം ഒരു ദിവസം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.

ഈ മാസം പത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സമൃതി ഇറാനിയും അമേഠിയില്‍ എത്തുന്നുണ്ട്. രാഹുലിന്റെ പരിപാടികള്‍ ഇതിന്റെ പകിട്ട് കുറയ്ക്കുമെന്ന് ഭയമാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ