ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അംബാനിയുടെ പേര് നിര്‍ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെയ്ക്ക് നന്ദി പറയുന്നുവെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായാണ് രാഹുല്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നന്ദി ഫ്രാന്‍സോ ഒലാന്ദെ, കോടിക്കണക്കിന് രൂപയുടെ കരാര്‍ പാപ്പരായ അംബാനിക്ക് മോദിയാണ് മറിച്ചു നല്‍കിയെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിരിക്കുകയാണ്. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചിരിക്കുകയാണ്. നമ്മുടെ സൈനികരുടെ രക്തത്തെ മോദി അപമാനിച്ചിരിക്കുകയാണ്’ രാഹുല്‍ പറഞ്ഞു.

റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സോ ഒലാന്ദെ വെളിപ്പെടുത്തുകയായിരുന്നു. ഫ്രഞ്ച് മാധ്യമമായ മീഡിയാപാര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു അഭിമുഖത്തിലാണ് ഹോളണ്ടെ ഇക്കാര്യം വെളിപ്പെടുത്തിയത്. 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാല്‍ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് ഡസാള്‍ട്ട് ആണെന്നും ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് കേന്ദ്ര പ്രതിരോധ മന്ത്രിയായ നിർമ്മല സീതാരാമനും മോദി സര്‍ക്കാരും വ്യക്തമാക്കിയിരുന്നത്. ‘ഇന്ത്യന്‍ സര്‍ക്കാരാണ് ഈ ഗ്രൂപ്പിനെ പരിചയപ്പെടുത്തിയത്. റിലയന്‍സ് ഡിഫന്‍സിന്റെ ഉടമയായ അനില്‍ അംബാനി പിന്നീട് ഡസാള്‍ട്ടുമായി ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി. ഞങ്ങള്‍ക്ക് അതില്‍ യാതൊരു റോളും ഇല്ലായിരുന്നു’, ഒലാന്ദെ പറഞ്ഞു.

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎല്‍) പങ്കാളിത്തത്തില്‍ നിന്നും എടുത്ത് കളഞ്ഞായിരുന്നു അംബാനിയുടെ റിലയന്‍സിനെ ബിജെപി സര്‍ക്കാര്‍ പങ്കാളികളാക്കിയത്. മോദിയുടെ വ്യവസായി സുഹൃത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തേ വ്യക്തമാക്കിയിരുന്നു.

ഫ്രാന്‍സില്‍ നിന്നും 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന കോണ്‍ഗ്രസിന്റെ വാദത്തിന് ബലം പകരുന്നതാണ് ഫ്രഞ്ച് മാധ്യമത്തില്‍ വന്നിരിക്കുന്ന വാര്‍ത്ത. യുപിഎ ഭരണകാലത്ത് കരാറില്‍ ഉണ്ടായിരുന്ന സാങ്കേതിക വിദ്യാകൈമാറ്റം നീക്കം ചെയ്ത് 59000 കോടി രൂപയ്ക്കാണ് എന്‍ഡിഎ സര്‍ക്കാര്‍ 36 വിമാനങ്ങള്‍ക്കുള്ള കരാര്‍ നൽകിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook