ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയ്ക്ക് ഇടത് ചായ്വ് ഉണ്ടെന്ന കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
‘ഈ മതഭ്രാന്തര്‍ വിദ്വേഷത്താല്‍ അന്ധരാണ്. ഒരു പ്രൊഫഷണല്‍ എന്താണെന്ന് ഇവര്‍ക്ക് ഒരുപിടിയുമില്ല. നിങ്ങള്‍ക്കത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുമാകില്ല. ഒരു പതിറ്റാണ്ട് ശ്രമിച്ചാലും” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പീയുഷ് ഗോയലിന് മറുപടിയുമായി അഭിജിത് തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പ്രൊഫഷണലിസത്തേയും പ്രൊഫഷനേയുമാണ് മന്ത്രി ചോദ്യം ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന് പകരം ബിജെപി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉപദേശം നല്‍കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിജിത് ഇടത്പക്ഷ ചിന്താഗതിക്കാരനാണെന്നും കോണ്‍ഗ്രസിനെ ന്യായ് പദ്ധതി തയ്യാറാക്കാന്‍ അഭിജിത് സഹായിച്ചിട്ടുണ്ടെന്നുമായിരുന്നു ഗോയലിന്റെ ആരോപണം. ഇതിനെതിരെ പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ ജോലി കോമഡി സര്‍ക്കസ് നടത്തുകയല്ല തകരുന്ന സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയാണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.