റായ്‌പൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ അര്‍ബന്‍ നക്സലുകളെ പിന്തുണയ്ക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. നക്‌സലുകളുടെ ആക്രമണത്തില്‍ ഛത്തീസ്ഗഡ് യൂണിറ്റിലെ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ട സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി മറുപടി നല്‍കിയത്. മോദിയില്‍ നിന്നും കോണ്‍ഗ്രസിന് രാജ്യസ്‌നേഹത്തിന്റെ പാഠം ആവശ്യമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

ജഗ്‌ദല്‍പൂരിലെ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി സംസാരിച്ച അതേ വേദിയില്‍ നിന്നുകൊണ്ടായിരുന്നു രാഹുലും സംസാരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും യഥാര്‍ത്ഥ ത്യാഗമാണ് വരിച്ചതെന്നും പാര്‍ട്ടിയില്‍ ധാരാളം രക്തസാക്ഷികളുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടത്തിന്റെ അവസാനദിനമായിരുന്നു ശനിയാഴ്ച. ബസ്തറില്‍ 12 സീറ്റുകളിലും രാജ്‌നന്ദ്ഗാവിലെ ആറ് സീറ്റുകളിലുമാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമാണ് രാജ്‌നന്ദ്ഗാവ്.

മാവോയിസ്റ്റുകളെ വിപ്ലവകാരികളായി കാണുന്ന കോണ്‍ഗ്രസിന് രാജ്യം മാപ്പു കൊടുക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ റാഫേല്‍ അഴിമതി ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഇതിനോട് പ്രതികരിച്ചത്. നരേന്ദ്ര മോദി അനില്‍ അംബാനിക്ക് കരാര്‍ കൊടുത്തതുവഴി രാജ്യത്ത് വലിയ അഴിമതിയാണ് നടന്നതെന്ന് രാഹുല്‍ ആഞ്ഞടിച്ചു.

മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഞങ്ങള്‍ ബഹുമാനിക്കും. എന്നാല്‍ തങ്ങളുടെ നേതാക്കളെ അവഹേളിച്ചുകൊണ്ട് സംസാരിക്കാന്‍ മോദിക്ക് അവകാശമില്ലെന്നും രാഹുല്‍ പറഞ്ഞു.

‘ഞങ്ങളുടെ നേതാക്കള്‍ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുമ്പോള്‍, 15-20 വര്‍ഷങ്ങള്‍ ജയിലില്‍ കഴിയുമ്പോള്‍ നിങ്ങളുടെ സവര്‍ക്കര്‍ ജി ബ്രിട്ടീഷുകാരുടെ മുമ്പില്‍ കൈകള്‍ കൂപ്പി നടുവളച്ച് നിന്ന് മാപ്പിന് വേണ്ടി അപേക്ഷിക്കുകയായിരുന്നു. അതുകൊണ്ട് ഞങ്ങളോട് ദേശസ്‌നേഹത്തെക്കുറിച്ച് പറയരുത്, റാഫേല്‍ ഇടപാടിനെക്കുറിച്ചു പറയൂ,’ രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook