ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് അമേഠി സന്ദര്‍ശിക്കും. ആകസ്മികമായി ഇന്ന് രാഹുലിന് ട്വിറ്ററില്‍ 10 ദശലക്ഷം ഫോളോവേഴ്‌സ് തികയുകയും ചെയ്തു. ഇതൊരു നാഴികക്കല്ലാണെന്നും അമേഠിയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇത് ആഘോഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
അമേഠിയിലെ സന്ദര്‍ശന വേളയില്‍ രാഹുല്‍ പാര്‍ട്ടി പ്രതിനിധികളും സലോണ്‍, അമേഠി, ഗൗരിഗഞ്ജ്, ജഗ്ദീഷ്പൂര്‍, തിലോയ് എന്നിവിടങ്ങളിലെ ബൂത്ത് പ്രസിഡന്റുമാരുമായും കൂടിക്കാഴ്ച നടത്തും. രാഹുല്‍ ചില ഗ്രാമങ്ങളും സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി ജില്ലാ വക്താവ് അനില്‍ സിങ് പറഞ്ഞു.
10 Million Twitter followers – thank you to each and every one of you!
I will celebrate the milestone in Amethi, where I will be meeting our Congress workers & supporters today.
— Rahul Gandhi (@RahulGandhi) July 10, 2019
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. അദ്ദേഹത്തോടൊപ്പം അമേഠിയിലെ പ്രതിനിധി ചന്ദ്രകാന്ത് ദുബേ, ജില്ലാ പ്രസിഡന്റ് യോഗേന്ദ്ര മിശ്ര എന്നിവരും രാജിവച്ചിരുന്നു.
‘കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍, 2019ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന് ഞാന്‍ ഉത്തരവാദിയാണ്. പാര്‍ട്ടിയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉത്തരവാദിത്തം എന്നത് നിര്‍ണായകമാണ്. ഇക്കാരണത്താലാണ് ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്,’ രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.
Read More: കോടതി കയറി ഇറങ്ങി രാഹുല്‍ ഗാന്ധി; അമിത് ഷായെ ‘കൊലയാളി’ എന്ന് വിളിച്ചതിന് ഇന്ന് ഹാജരാകും
കോണ്‍ഗ്രസിന്റെ മുന്‍ ശക്തികേന്ദ്രമായ അമേഠിയില്‍ 52,000ത്തിലധികം വോട്ടുകള്‍ക്കാണ് സ്മൃതി ഇറാനി വിജയിച്ചത്. വന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി രണ്ടാം തവണയും അധികാരത്തില്‍ തിരിച്ചെത്തിയത്. 1999 മുതല്‍ രാഹുല്‍ ഗാന്ധി അമേഠിയിലെ ലോക്‌സഭാ സീറ്റിനെ പ്രതിനിധീകരിച്ചിരുന്നു.
കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് അമേഠിയിലെ രാഹുലിന്റെ പരാജയം. കഴിഞ്ഞ തവണ വലിയ രീതിയില്‍ കോണ്‍ഗ്രസിന്റെ ലീഡ് കുറച്ച സ്മൃതി ഇറാനി ഇത്തവണ വിജയം സ്വന്തമാക്കുകയായിരുന്നു. 33,9743 വോട്ടുകളാണ് സ്മൃതി ഇറാനി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ രാഹുലിന് 294290 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ബിഎസ്പി എസ്പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തന്നെ വലിയ രീതിയില്‍ രാഹുല്‍ പരാജയപ്പെടുകയായിരുന്നു. ആകെ 27 സ്ഥാനാര്‍ഥികളാണ് അമേഠിയില്‍ നിന്ന് ജനവിധി തേടിയത്.
അതേസമയം, നാലേ കാല്‍ ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്ന് രാഹുൽ ജയിച്ചത്. ഇന്ത്യയില്‍തന്നെ ഏറ്റവുമുറച്ച കോണ്‍ഗ്രസ് അനുകൂല മണ്ഡലങ്ങളിലൊന്നായ വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുലിനെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ് വയനാട് വരവേറ്റത്.