ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16നാണ് രാജ്യതലസ്ഥാനത്ത് ഓടുന്ന ബസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. രാജ്യമാകെ പ്രതിഷേധവും സമരങ്ങളുമുയര്‍ന്നു. എല്ലാം ബാക്കിയാക്കി ആ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്കു ശേഷം മരണത്തിനു കീഴടങ്ങി. അന്ന് തളര്‍ന്നു പോയൊരു കുടുംബമുണ്ട്, അവളുടെ മാതാപിതാക്കളും സഹോദരനുമുണ്ട്. ആ തളര്‍ച്ചയില്‍ നിന്നും അവരിന്ന് പറന്നുയരാന്‍ പോകുകയാണ്. കൈപിടിച്ച് കൂടെ നിന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നുവെന്ന് ആ കുടുംബം രാജ്യത്തോട് വിളിച്ചു പറയുകയാണ്.

രാഹുല്‍ ഗാന്ധിയുടെ സഹായത്താല്‍ പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് നിര്‍ഭയയുടെ ഇളയ സഹോദരന്‍. 18 മാസത്തെ കോഴ്സ് പൂര്‍ത്തിയാക്കി വിമാനം പറത്താനുള്ള അവസാന വട്ട ഒരുക്കത്തിലാണ് അദ്ദേഹം. അന്ന് 12 വയസ്സ് മാത്രമുണ്ടായിരുന്ന നിര്‍ഭയയുടെ സഹോദരനെയാണ് രാഹുൽ ഗാന്ധി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. നിര്‍ഭയയുടെ മാതാവ് ആശാദേവി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സൈന്യത്തില്‍ പൈലറ്റ് ആവണമെന്ന് ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്ന അവന്റെ സ്വപ്നങ്ങള്‍ക്ക് മുകളിലേക്കായിരുന്നു ചേച്ചിയുടെ മരണം നിഴല്‍ വീഴ്ത്തിയത്. മനസു തളര്‍ന്നു പോയ അവനെ രാഹുൽ ഗാന്ധി ഏറ്റെടുക്കുകയായിരുന്നു. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമി എന്ന സ്ഥാപനത്തില്‍ പൈലറ്റ് പരിശീലനത്തിന് രാഹുല്‍ ഗാന്ധി സൗകര്യമൊരുക്കുകയും പ്രത്യേക കൗണ്‍സിലിങ് ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

പഠനത്തിന്റെ പൂര്‍ണ ചെലവും രാഹുല്‍ തന്നെയാണ് വഹിച്ചത്. സാമ്പത്തികമായും മാനസികമായും രാഹുല്‍ തങ്ങളെ പിന്തുണച്ചെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം പുറത്തറിയരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ഗുരുഗ്രാമിലെ പ്രത്യേക പരിശീലന കേന്ദ്രത്തില്‍ പൈലറ്റ് ആവാനുള്ള ഒരു മാസക്കാലത്തെ അവസാന ഒരുക്കത്തിലാണ് നിര്‍ഭയയുടെ സഹോദരന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ