ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് രാമചന്ദ്ര ഗുഹ രാഹുലിനെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവയ്ക്കാത്തത് തന്നെ അതിശയപ്പെടുത്തുന്നു എന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു.

“രാഹുല്‍ രാജിവയ്ക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പുതിയ അധ്യക്ഷനെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസിന് അത് സാധിച്ചില്ലെന്ന് വരാം”- രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അവരുടെ കുടുംബ വാഴ്ചയെ പൂര്‍ണമായും തൂത്തെറിയണമെന്ന് മറ്റൊരു ട്വീറ്റില്‍ രാമചന്ദ്ര ഗുഹ കുറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രാമചന്ദ്ര ഗുഹ രംഗത്തെത്തിയത്.
Read More: ‘നേതാവ് മോദി തന്നെ’; സത്യപ്രതിജ്ഞ 30 ന് നടന്നേക്കും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. ഇത്ര വലിയ പരാജയം കോണ്‍ഗ്രസ് ക്യാംപുകള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. 2014 നേക്കാള്‍ ഏതാനും സീറ്റുകള്‍ മാത്രം കൂടുതല്‍ നേടാനെ രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. ആകെയുള്ള 543 സീറ്റുകളില്‍ 52 സീറ്റുകളില്‍ മാത്രമാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 44 ആയിരുന്നു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉണ്ടായിരുന്നെങ്കിലും കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മാത്രമല്ല, പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. 45,000 ത്തിലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ അമേഠിയില്‍ തോറ്റത്. 2014 ല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാഹുല്‍ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയാണ് ഇത്തവണ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ഞെട്ടിച്ച് അമേഠി പിടിച്ചടക്കിയത്. ഇതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അതിദയനീയമായി പരാജയപ്പെടുകയും ചെയ്തു. പഞ്ചാബിലും കേരളത്തിലും മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത്.
Read More: അമേഠിയിൽ അടിതെറ്റിയ രാഹുൽ
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഇത് നിഷേധിച്ചിട്ടുണ്ട്.