കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ പ്രധാന മന്ത്രിയാകാനുള്ള സർവ്വ യോഗ്യതകളുമുണ്ടെന്ന് ശശി തരൂർ. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമാണെന്നും, അത് പാർട്ടിയും സഖ്യകക്ഷികളും ചേർന്ന് തീരുമാനിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ ശശി തരൂർ വ്യക്തമാക്കി. വാർത്ത ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ അഭിപ്രായപ്രകടനം.

“വ്യക്തിപരമായി നിരവധി തവണ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അടുത്ത് ഇടപഴകാനും സംസാരിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പ്രധാന മന്ത്രിയാകാനുള്ള സർവ്വ യോഗ്യതകളുമുള്ള വ്യക്തിയാണ് രാഹുൽ എന്നാണ് ഞാൻ മനസിലാക്കുന്നത്,” തരൂർ പറഞ്ഞു.

എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പിന് ശേഷമാണെന്നും, അത് പാർട്ടിയും സഖ്യകക്ഷികളും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“രാഹുൽ ഗാന്ധിയാണ് ഞങ്ങളുടെ നേതാവ്. അതായത് കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ രാഹുൽ തന്നെയാകും പ്രധാനമന്ത്രി. അതേസമയം കൂട്ടുകക്ഷി ഭരണമാണെങ്കിൽ സഖ്യക്ഷികളുമായി പ്രധാനമന്ത്രി ആരായിരിക്കണം എന്ന ചർച്ച അവശ്യമാണ്,” തരൂർ പറഞ്ഞു.

കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നതും രാഹുൽ അതിന് യോഗ്യനാണെന്ന് തന്നെയാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ