ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും അസംബ്ലി തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വീണു കിട്ടുന്ന ഓരോ അവസരവും കൃത്യമായി മുതലെടുത്തുകൊണ്ട് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിക്കുകയാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബെര്‍ക്‌ലി സര്‍വ്വകലാശാലയില്‍ നടത്തിയ പ്രഭാഷണം മുതല്‍ മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ഗാന്ധി വിമര്‍ശിക്കുന്നത്. പൊതുവേദികളിലും പ്രഭാഷണങ്ങളിലും മാത്രമല്ല. സാമൂഹ്യ മാധ്യമമായ ട്വിറ്ററിലും ശ്രദ്ധ നേടുന്നുണ്ട് ഇതേ രീതിയിലുയരുന്ന രാഹുലിന്‍റെ പ്രതികരണങ്ങള്‍. കഴിഞ്ഞ കുറച്ചുകാലമായി രാഹുലിന്‍റെ ട്വിറ്റര്‍ സംഭാഷണങ്ങളും ഏറെ മെച്ചപ്പെട്ടതായും കാണാം.

നര്‍മത്തില്‍ ഊന്നിയുള്ള ഒറ്റ വരി ട്വീറ്റുകളിലൂടെ ബിജെപിയേയും സംഘപരിവാര്‍ രാഷ്ട്രീയത്തേയും ചെറുതല്ലാത്ത രീതിയില്‍ പ്രകോപിപ്പിക്കുവാനും സമ്മര്‍ദം ചെലുത്തുവാനും രാഹുലിനു സാധിക്കുന്നുണ്ട്. മുമ്പ് രാഹുലിന്‍റെ പ്രതികരണങ്ങളെ അവഗണിക്കുക മാത്രം ചെയ്തിരുന്ന ബിജെപിക്ക് ഇപ്പോള്‍ അതില്‍ അഭിപ്രായം പറയേണ്ടി വരുന്നു എന്നിടത്താണ് രാഹുലിന്‍റെ രാഷ്ട്രീയവിജയം. ഈയടുത്ത് രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ച വളര്‍ത്തുപട്ടി പിഡിയുടെ വീഡിയോ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആരാണ് തന്‍റെ ട്വിറ്റര്‍ ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് രാഹുല്‍ പിഡിയുടെ വീഡിയോ പങ്കുവയ്ക്കുന്നത്. ഇതില്‍ ബിജെപി പ്രകോപിതരാവുകയും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവീയ തന്നെ പ്രതികരണങ്ങളുമായി മുന്നോട്ട് വരികയും ചെയ്തിരുന്നു.

നോട്ടുനിരോധനത്തേയും ചരക്കുസേവന നികുതിയേയും മോദി സര്‍ക്കാര്‍ വിതച്ച രണ്ടു ടോര്‍പ്പിഡോകള്‍ എന്നാണ് രാഹുല്‍ഗാന്ധി വിശേഷിപ്പിച്ചത്. “ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക് മേല്‍ നരേന്ദ്ര മോദി രണ്ടു ടോര്‍പ്പിഡോകളാണ് വിക്ഷേപിച്ചത്. ആദ്യത്തെ ടോര്‍പ്പിഡോ അതിജീവിക്കാന്‍ ഇന്ത്യന്‍ സമ്പത്ത്ഘടനയ്ക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാമത്തെ ടോര്‍പ്പിഡോ സമ്പദ്ഘടനയെ ആകെ മുക്കിയിരിക്കുകയാണ്. ആദ്യത്തെ ടോര്‍പ്പിഡോ നോട്ടുനിരോധനവും രണ്ടാമത്തെ ടോര്‍പ്പിഡോ ചരക്കുസേവന നികുതിയുമാണ്” രാഹുല്‍ഗാന്ധി പറഞ്ഞു.

Read More : ‘സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെ സ്വാഗതം ചെയ്യുന്നു, ഷട്ടപ്പ് ഇന്ത്യയെ അല്ല’ മോദിക്കെതിരെ രാഹുല്‍

നോട്ടുനിരോധനത്തിന്‍റെ ആദ്യ വാര്‍ഷികത്തെ ‘കരിദിനം’ ആയി ആചരിക്കുവാനാണ് കോണ്‍ഗ്രസ് തീരുമാനം. അന്നേ ദിവസം രാജ്യമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും എന്നും പാര്‍ട്ടി അറിയിക്കുന്നു. അതേസമയം, ചരക്കുസേവന നികുതിയായ ജിഎസ്ടിയെ പ്രശസ്ത ബോളിവുഡ് ചലച്ചിത്രമായ ഷോലെയിലെ വില്ലനെ ഓര്‍മിപ്പിച്ചുകൊണ്ട് ‘ഗബ്ബര്‍ സിങ് ടാക്സ്’ എന്നാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ വിശേഷിപ്പിച്ചത്.

അടുത്ത് തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നറിയിക്കുന്ന രാഹുലിന്‍റെ ജനസമ്പര്‍ക്കത്തിലും ഇതേ രീതിയിലുള്ള മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നു. മറ്റൊരു പരിപാടിയില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനു രാഹുല്‍ നല്‍കിയ മറുപടിയും അത്തരത്തിലുള്ളതായിരുന്നു. എപ്പോള്‍ വിവാഹം നടക്കും എന്നുള്ള ബോക്സര്‍ വിജേന്ദര്‍ സിങ്ങിന്‍റെ ചോദ്യത്തിന് ” ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. അതെപ്പോഴാണോ നടക്കേണ്ടത് അപ്പോള്‍ നടക്കും” എന്ന് മാത്രമായിരുന്നു രാഹുലിന്‍റെ മറുപടി.

ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയവർ

രാഹുലിനു ആയോധനകലയിലുള്ള പ്രാവീണ്യവും പുറത്തുവരുന്നത് ഈയടുത്താണ്. ജപ്പാനീസ് ആയോധനമുറയായ ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ ആണ് താനെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറയുകയുണ്ടായി. അതിനു പിന്നാലെ തന്നെ നാല്‍പ്പത്തിയേഴുകാരനായ രാഹുല്‍ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങളും ട്വിറ്ററിലൂടെ പ്രചരിക്കുകയുണ്ടായി. കോണ്‍ഗ്രസിന്‍റെ അക്കൗണ്ട് തന്നെയാണ് ഈ ചിത്രം റീട്വീറ്റ് ചെയ്തത്.
rahul gandhi, karate

അതിനിടയിലാണ് നിര്‍ഭയയുടെ സഹോദരന്‍റെ പൈലറ്റ്‌ സ്വപ്നം സഫലമാവുന്നത് രാഹുലിന്‍റെ സഹായത്തിലാണ് എന്ന വാര്‍ത്തയും പുറത്തുവരുന്നത്. നിര്‍ഭയ വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച ബിജെപിയോ കോണ്‍ഗ്രസോ മുതിരാത്ത ത്യാഗമാണ് ഇരുചെവി അറിയിക്കാതെ രാഹുല്‍ഗാന്ധി ചെയ്തത് എന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ പോകുന്ന രാഹുലിന്‍റെ വ്യക്തിത്വത്തിനു മാറ്റുകൂട്ടുന്നു.

കഴിഞ്ഞ പാര്‍ലമെന്‍റെ തിരഞ്ഞെടുപ്പില്‍ അലയടിച്ച മോദി തരംഗത്തില്‍ ആടിയുലഞ്ഞ കോണ്‍ഗ്രസിനു പ്രതീക്ഷ പകരുന്നത് തന്നെയാണ് രാഹുല്‍ഗാന്ധിയുടെ ഈ ശക്തമായ മടങ്ങിവരവ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

Read More : ‘കാക്കി നിക്കര്‍ ഇട്ട സ്ത്രീകളെ ശാഖകളില്‍ കണ്ടിട്ടുണ്ടോ?’; ആര്‍എസ്എസിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ