പട്‌ന: എല്ലാ കള്ളന്‍മാരുടെ പേരിലും മോദിയുണ്ട് എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. പട്‌ന സിവില്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് നല്‍കിയത്.

Read Also: ‘ഞാന്‍ ഇനി കോണ്‍ഗ്രസ് അധ്യക്ഷനല്ല’; പദവി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി

കര്‍ണാടകയിലെ കൊലാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ഈ പരാമര്‍ശം നടത്തിയത്. ഏപ്രില്‍ 13 ലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാമര്‍ശം. “എന്തുകൊണ്ടാണ് എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി എന്നുള്ളത്. നീരവ് മോദി, ലളിത് മോദി, പിന്നെ നരേന്ദ്ര മോദി?. നമുക്കറിയില്ല ഇതുപോലെ ഇനി എത്ര മോദിമാര്‍ പുറത്തുവരാനുണ്ടെന്ന്.”- ഇതായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പരാമര്‍ശം. മോദി എന്ന് പേരുള്ള എല്ലാവരെയും അധിക്ഷേപിക്കുന്നതാണ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം എന്ന് മാനനഷ്ട കേസ് നല്‍കിയ സുശീല്‍ കുമാര്‍ പറഞ്ഞിരുന്നു.

ആർഎസ്എസ്-ബിജെപി നേതാക്കൾ തന്നെ പരിഹസിക്കാൻ വേണ്ടി നൽകിയ കേസാണിതെന്നായിരുന്നു രാഹുൽ ഗാന്ധി ഇതേ കുറിച്ച് നേരത്തെ പ്രതികരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ട്വിറ്ററിലൂടെയാണ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ വിവരം രാഹുൽ അറിയിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായി രാഹുൽ അറിയിച്ചു. പാര്‍ട്ടിയിലെ യുവ നേതാക്കളുടെ രാജി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ അഭ്യര്‍ഥന, ആയിരക്കണക്കിന് വരുന്ന അണികളുടെ വികാരം ഇതിനൊന്നിനും രാഹുല്‍ ഗാന്ധിയുടെ മനം മാറ്റാന്‍ സാധിച്ചില്ല.

പുതിയ അധ്യക്ഷനെ പാർട്ടി അധികം വൈകാതെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യക്ഷനെ ഞാൻ തന്നെ തിരഞ്ഞെടുക്കണമെന്ന് സഹപ്രവർത്തകർ ആവശ്യപ്പെട്ടു. പുതിയ ഒരാൾ പാർട്ടിക്ക് നേതൃത്വം നൽകുന്നത് പ്രധാനമാണെങ്കിലും, ആ വ്യക്തിയെ ഞാൻ തിരഞ്ഞെടുക്കുന്നത് ശരിയല്ല. ധൈര്യത്തോടും സ്നേഹത്തോടും വിശ്വസ്തതയോടും കൂടി തങ്ങളെ നയിക്കാൻ കഴിയുന്ന വ്യക്തിയെ പാർട്ടി തിരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook