ഗോരഖ്പൂർ: 2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റാലും രാഹുൽ ഗാന്ധിക്ക് ജീവിത പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കുന്നുവെന്ന് ഹിന്ദു നേതാവ് സാധ്വി പ്രാചി. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

‘ബാബ ഗോരഖ്നാഥിന്രെ അനഗ്രഹം ലഭിക്കുന്നതിന് ഞാൻ സ്ഥിരമായി ഇവിടെ വരാറുണ്ട്. പക്ഷേ ഇത്തവണ ഒരു പ്രത്യേക ആഗ്രഹം നിറവേറ്റാനാണ് വന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും രാഹുലിന് ഒരു ജീവിത പങ്കാളിയെ എങ്കിലും കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു’, സാധ്വി പറഞ്ഞു.

അതേസമയം, സാധ്വിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസിന്റെ ഉന്നത നേതാക്കളെ തരംതാഴ്ത്തി കാണിക്കുന്നത് ഇപ്പോഴൊരു ട്രെൻഡാണ്. ഇത്തരം തരംതാഴ്ന്ന പ്രസ്താനവകളിലൂടെയാണ് അവരുടെ നിലനിൽപ് എന്നതാണ് യാഥാർത്ഥ്യമെന്നും യുപി കോൺഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു.

നേരത്തെ ബിജെപി നേതാവ് നിഷികാന്ത് ദുബേയും രാഹുലിനെ കളിയാക്കിയിരുന്നു. രാഹുൽ ഗാന്ധി ആദ്യം വിവാഹിതനാകട്ടെയെന്നും എന്നിട്ട് ഞങ്ങൾ ആലിംഗനം ചെയ്യാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. താൻ ആലിംഗനം ചെയ്യുമെന്ന് കരുതി ഇപ്പോൾ ബിജെപി എംപിമാർ തന്നെ കാണുമ്പോൾ പുറകോട്ട് വലിയുകയാണെന്ന രാഹുലിന്റെ പരാമർശത്തെ കളിയാക്കുകയായിരുന്നു ബിജെപി നേതാവ്.

”എന്തിനാണ് ഞങ്ങൾ രാഹുലിനെ ആലിംഗനം ചെയ്യുന്നത്. സെക്ഷൻ 377 ഇതുവരെ നീക്കം ചെയ്തിട്ടില്ല. അതിനാൽ തന്നെ ഭാര്യമാർ ഞങ്ങളുമായുളള വിവാഹ ബന്ധം വേർപെടുത്തിയേക്കാം. രാഹുൽ ഗാന്ധി വിവാഹിതനായാൽ ഞങ്ങൾ ആലിംഗനം ചെയ്യാം”, ബിജെപി നേതാവ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ