scorecardresearch

സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി, വീഡിയോ

എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം രജിസ്റ്ററില്‍ ഒപ്പിട്ട് പ്രൊ ടേം സ്പീക്കര്‍ക്ക് ഹസ്തദാനം നടത്തിയാണ് തിരിച്ചുപോകേണ്ടത്

സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി, വീഡിയോ

ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. പ്രധാന എംപിമാരെല്ലാം ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. നാളെയും എംപിമാരുടെ സത്യപ്രതിജ്ഞ തുടരും. കേരളത്തില്‍ നിന്നുള്ള എംപമാരില്‍ 19 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ശശി തരൂര്‍ നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുക.

കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ശ്രദ്ധാകേന്ദ്രമായത് രാഹുല്‍ ഗാന്ധിയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. അതിലൊരാളാണ് വയനാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ രാഹുല്‍ ഗാന്ധി. രാവിലെ രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കാണ് അദ്ദേഹം സഭയിലെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി വീണ്ടും സീറ്റിലേക്ക് മടങ്ങിയത് ബിജെപി എംപിമാരെ അടക്കം ചിരിപ്പിച്ചു.

Read Also: രാഹുലിനെ മലര്‍ത്തിയടിച്ച സ്മൃതി ഇറാനിക്ക് നിര്‍ത്താതെ കൈയ്യടിച്ച് നരേന്ദ്ര മോദി

എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം രജിസ്റ്ററില്‍ ഒപ്പിട്ട് പ്രൊ ടേം സ്പീക്കര്‍ക്ക് ഹസ്തദാനം നടത്തിയാണ് തിരിച്ചുപോകേണ്ടത്. എന്നാല്‍, വയനാട് എംപിയായ രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചൊല്ലി തീര്‍ന്നതും വേഗം സീറ്റിലേക്ക് മടങ്ങി. തുടർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ട്രഷറി ബഞ്ചിലുള്ളവരും ആംഗ്യം കാണിച്ച് രാഹുലിനെ തിരിച്ചുവിളിക്കുകയായിരുന്നു. അപ്പോഴാണ് രജിസ്റ്ററില്‍ ഒപ്പിടണമല്ലോ എന്ന കാര്യം രാഹുല്‍ ആലോചിക്കുന്നത്. പിന്നീട് രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം പ്രൊ ടേം സ്പീക്കര്‍ക്ക് ഹസ്തദാനം നല്‍കിയാണ് രാഹുല്‍ ഗാന്ധി തിരിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് പോയത്. പാര്‍ലമെന്റ് നടപടികളുടെ ഭാഗമാണ് രജിസ്റ്ററില്‍ ഒപ്പിടുന്നത്. ഇക്കാര്യമാണ് രാഹുല്‍ ഗാന്ധി മറന്നുപോയത്.

സത്യപ്രതിജ്ഞയ്ക്കായി രാഹുല്‍ ഗാന്ധിയുടെ പേര് വിളിച്ചതും ഏറെ സൗമ്യനായും ചിരിക്കുന്ന മുഖത്തോടെയുമാണ് അദ്ദേഹം സീറ്റില്‍ നിന്ന് എഴുന്നേറ്റെത്തിയത്. സോണിയ ഗാന്ധിക്കൊപ്പമായിരുന്നു രാഹുല്‍ ഇരുന്നത്. രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്നപ്പോഴും ചിരി തന്നെയായിരുന്നു രാഹുലിന്റെ മുഖത്ത്. കോണ്‍ഗ്രസ് എംപിമാര്‍ ഏറെ ആവേശത്തോടെ കയ്യടിച്ചാണ് രാഹുലിന്റെ സത്യപ്രതിജ്ഞയെ സ്വീകരിച്ചത്. ഇംഗ്ലീഷിലായിരുന്നു രാഹുല്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിയത്.

Read Also: മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് എ.എം.ആരിഫും വി.കെ.ശ്രീകണ്ഠനും

ലോക്സഭയിൽ ശ്രദ്ധാകേന്ദ്രമായ ബിജെപി എംപി, രാഹുലിനെ വീഴ്ത്തിയ വനിത

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ പാര്‍ലമെന്റിലെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു എംപി ബിജെപിയുടെ സ്മൃതി ഇറാനിയാണ്. വന്‍ വരവേല്‍പ്പാണ് സ്മൃതി ഇറാനിക്ക് ലഭിച്ചത്. ബിജെപി എംപിമാര്‍ നിര്‍ത്താതെ കൈയ്യടിച്ചാണ് സ്മൃതി ഇറാനിയെ സത്യപ്രതിജ്ഞയ്ക്കായി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ഡസ്‌കില്‍ നിര്‍ത്താതെ കൈയ്യടിച്ചു. ഏറെ സമയം കൈയ്യടിച്ച ശേഷമാണ് സഭ ശാന്തമായത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഈ സമയത്ത് സഭയിലുണ്ടായിരുന്നില്ല. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി സന്നിഹിതയായിരുന്നു. രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചാണ് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനി വിജയിച്ചത്. മൂന്ന് തവണ തുടര്‍ച്ചയായി അമേഠി മണ്ഡലത്തില്‍ നിന്ന് വിജയിച്ചത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍, ഇത്തവണ ഗാന്ധി കുടുംബം ആധിപത്യം പുലര്‍ത്തിയിരുന്ന പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലം സ്മൃതി ഇറാനി പിടിച്ചെടുക്കുകയായിരുന്നു.

കേന്ദ്ര മന്ത്രിസഭയില്‍ സ്മൃതി ഇറാനിയെ പങ്കാളിയാക്കിയത് രാഹുലിനെ തോല്‍പ്പിച്ച സ്ഥാനാര്‍ഥി എന്ന മാനദണ്ഡത്തിലാണ്. അമേഠി മണ്ഡലത്തില്‍ നിന്ന് 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി വിജയിച്ചത്. രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. രണ്ട് മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി മത്സരിച്ചത്. അമേഠിയില്‍ തോറ്റ രാഹുല്‍ കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.

മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്തവർ

കേരളത്തില്‍ നിന്നുള്ള ഏക ഇടത് എംപിയായ എ.എം.ആരിഫ് പാര്‍ലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍. കേരളത്തില്‍ നിന്നുള്ള ഇരുപത് എംപിമാരില്‍ എ.എം.ആരിഫും യുഡിഎഫ് എംപി വി.കെ.ശ്രീകണ്ഠനുമാണ് മാതൃഭാഷയായ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് യുഡിഎഫ് എംപിമാരിൽ ഒരാൾ ഹിന്ദിയിലും മറ്റുള്ളവർ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. ഭൂരിഭാഗം എംപിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ആലപ്പുഴയിൽ നിന്നുള്ള സിപിഎം എംപിയാണ് എ.എം.ആരിഫ്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെയാണ് ആരിഫ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും കണ്ട് അഭിവാദ്യം ചെയ്ത ശേഷമാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയത്. പാലക്കാട് നിന്നുള്ള എംപിയാണ് വി.കെ.ശ്രീകണ്ഠൻ. സിറ്റിങ് എംപിയായ എം.ബി.രാജേഷിനെ അട്ടിമറിച്ചാണ് ശ്രീകണ്ഠൻ ലോക്സഭയിലെത്തിയത്.

Read Also: ‘പോകുന്നിടത്തെല്ലാം വിവാദം’; സത്യപ്രതിജ്ഞയില്‍ ആത്മീയ ഗുരുവിന്റെ പേര് പറഞ്ഞ് പ്രഗ്യാ സിങ്

യുഡിഎഫ് എംപിമാരില്‍ 17 പേര്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദിയിലാണ്. ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ശകാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ശേഷമായിരുന്നു. ഇന്ന് സഭ നിയന്ത്രിക്കേണ്ടവരുടെ പാനലിൽ ഉൾപ്പെട്ട കൊടിക്കുന്നിൽ സുരേഷ് രാവിലെ ആദ്യം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈ അവസരത്തിലാണ് ഹിന്ദിയിൽ അദ്ദേഹം സത്യവാചകം ഏറ്റുപറഞ്ഞത്. കൊടിക്കുന്നിൽ സുരേഷ് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എന്തുകൊണ്ട് മാതൃഭാഷയിൽ നിങ്ങൾ സത്യപ്രതിജ്ഞ ചെയ്തില്ല എന്ന് സോണിയ ഗാന്ധി ചോദിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യുഡിഎഫ് എംപിമാരിൽ ഒരാളായ ശശി തരൂർ മാത്രമാണ് കേരളത്തിൽ നിന്ന് സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്. ശശി തരൂർ വിദേശത്തായതിനാലാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കാതിരുന്നത്. ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണാൻ ശശി തരൂർ ലണ്ടനിലേക്ക് പോയിരുന്നു. നാളെയായിരിക്കും ശശി തരൂർ സത്യപ്രതിജ്ഞ ചെയ്യുക.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul gandhi forgets to sign parliament register after oath lok sabha