പട്യാല: പ്രതിപക്ഷം ദുർബലമായതിനാലാണ് ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാൻ കേന്ദ്രസർക്കാരിന് കഴിയുന്നതെന്ന വാദത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എനിക്ക് സ്വതന്ത്ര മാധ്യമങ്ങളും മറ്റ് പ്രധാന സ്ഥാപനങ്ങളും നൽകൂ, ഈ (നരേന്ദ്ര മോദി) സർക്കാർ അധികകാലം നിലനിൽക്കില്ല” എന്ന് രാഹുൽ പറഞ്ഞു.

“എല്ലാ പ്രധാന സ്ഥാപനങ്ങളുടെയും നിയന്ത്രണം മോദി സർക്കാർ ബലമായി പിടിച്ചെടുത്തു. ബിജെപി സർക്കാർ രാജ്യത്തിന്റെ ആത്മാവ് പിടിച്ചെടുത്തു,” രാഹുൽ പറഞ്ഞു. പഞ്ചാബിലെ കർഷക സംരക്ഷണ യാത്രയുടെ മൂന്നാമത്തെയും അവസാനത്തെയും ദിവസം പട്യാലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

പഞ്ചാബിലെ കർഷക റാലിയിൽ നിന്ന്

സ്ഥാപനങ്ങളുടെ നിയന്ത്രണം സർക്കാർ കൈക്കലാക്കുന്നത് ഒരു വലിയ പ്രശ്‌നമാണെന്ന് പറഞ്ഞ രാഹുൽ, സ്വന്തം ഭൂമി മറ്റൊരു രാജ്യം പിടിച്ചെടുക്കുമ്പോൾ പോലം സർക്കാരിനെ മാധ്യമങ്ങൾ പോലും ചോദ്യം ചെയ്യാത്ത അവസ്ഥ ലോകത്തെ മറ്റൊരു രാജ്യത്തും ഇല്ലെന്നും പറഞ്ഞു. മോദിക്ക് ഇന്ത്യയുടെ ക്ഷേമത്തിൽ താൽപ്പര്യമില്ല. “തന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും” മാത്രമേ താൽപ്പര്യമുള്ളൂവെന്നും രാഹുൽ ആരോപിച്ചു. “എന്തുകൊണ്ടാണ് നിങ്ങൾ വാർത്താസമ്മേളനങ്ങളിൽ അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്,” രാഹുൽ മാധ്യമങ്ങളോട് ചോദിച്ചു.

Read More: നോട്ട് നിരോധനം ചെറുകിട വ്യാപാരികളെ നശിപ്പിച്ചത് പോലെ കർഷകബില്ലിലൂടെ കർഷകരെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു: രാഹുൽ ഗാന്ധി

സ്ഥാപനങ്ങൾ സർക്കാർ പിടിച്ചെടുത്തിരിക്കാമെങ്കിലും കർഷകരെയും യുവാക്കളെയും ചെറുകിട വ്യാപാരികളെയും നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെന്നും അവരുടെ താൽപ്പര്യങ്ങൾ നശിപ്പിക്കപ്പെടുകയാണെന്നും രാഹുൽ പറഞ്ഞു. “മോദിയുടെ നയങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന ഈ ആളുകൾക്കിടയിൽ ഞാൻ പ്രവർത്തിക്കുന്നു. ഞാൻ ക്ഷമയുള്ള ആളാണ്, ഇന്ത്യയിലെ ജനങ്ങൾ സത്യം കാണുന്നത് വരെ കാത്തിരിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർക്കെതിരായ മോദി സർക്കാരിന്റെ ആക്രമണത്തിനെതിരെ പോരാടാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് രാഹുൽ പറഞ്ഞു. ജിഎസ്ടിയും നോട്ട് നിരോധനവും ചെറുകിട വ്യവസായികളെും വ്യാപാരികളെയും നേരത്തേ തകർത്തത് പോലെ തന്നെയാണ് മോദി സർക്കാർ ഇപ്പോൾ കാർഷിക നിയമങ്ങൾ വഴി കർഷകരെ ലക്ഷ്യമിടുന്നത്. “ഞാൻ അവരോട് യുദ്ധം ചെയ്യുകയും തടയുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

Read More: ഹാഥ്‌റസ് സംഭവം അസാധാരണം, ഞെട്ടിപ്പിക്കുന്നത്; യുപി സർക്കാരിനോട് സത്യവാങ്‌മൂലം തേടി സുപ്രീം കോടതി

പഞ്ചാബിലും ഹരിയാനയിലും പ്രതിഷേധത്തിന് നേതൃത്വം നൽകിയതിൽ ബിജെപി തനിക്കെതിരെ വിമർശനമുന്നയിച്ചതിനെക്കുറിച്ച് അവർ ഫെബ്രുവരിയിൽ താൻ കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയപ്പോഴും ആക്രമിച്ചിരുന്നതായി രാഹുൽ പറഞ്ഞു. “എന്നാൽ ഇപ്പോൾ എല്ലാവർക്കും മുന്നിൽ സത്യമുണ്ട്,” അദ്ദേഹം പറഞ്ഞു.“കൂടുതൽ വിവേകത്തോടെ സംസാരിക്കുന്നത് ആരെന്ന് നിങ്ങൾക്ക് സ്വയം കാണാൻ കഴിയും – മോദിയോ ഞാനോ,” 22 ദിവസത്തിനുള്ളിൽ കോവിഡിനെതിരായ യുദ്ധത്തിൽ ഇന്ത്യ വിജയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസ്താവനയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് സിങ്ങിന്റെ വസതിക്ക് സമീപം നടന്ന കർഷക ഉപരോധം

നോട്ട് നിരോധനവും ജിഎസ്ടിയും പോലെ കാർഷിക നിയമങ്ങളും മോദി സർക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്ന ബിജെപിയുടെ വാദത്തെയും രാഹുൽ വിമർശിച്ചു. ഈ നടപടികളെക്കുറിച്ച് ചെറുകിട വ്യാപാരികളുടെയും ചെറുകിടബിസിനസുകാരുടെയും കർഷകരുടെയും അഭിപ്രായങ്ങൾ പരിഗണിക്കുന്നുണ്ടോ എന്ന് രാഹുൽ ചോദിച്ചു. “ഫാം നിയമങ്ങൾ ഒരു നേട്ടമാണെങ്കിൽ, എന്തുകൊണ്ടാണ് കർഷകർ ആഘോഷിക്കാത്തത്, എന്തുകൊണ്ടാണ് അവർ പടക്കം പൊട്ടിക്കാത്തത്?” രാഹുൽ ചോദിച്ചു.

Read More: യുപി പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകനെ മോചിപ്പിക്കണം: പത്രപ്രവർത്തക യൂണിയൻ

“എന്തായാലും, ഈ നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്ന് മോഡിക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം പാർലമെന്റിൽ ഒരു ചർച്ചയെ അഭിമുഖീകരിക്കാത്തത്. കർഷകർക്ക് റോഡുകളിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യങ്ങളിൽ എന്തുകൊണ്ടാണ് അദ്ദേഹം നിയമങ്ങൾ മുന്നോട്ട് കൊണ്ടുവന്നത്. എന്തുകൊണ്ട് അദ്ദേഹം പത്രസമ്മേളനം നടത്തുകയോ പഞ്ചാബിലെ കർഷകരെ കാണുകയോ ചെയ്തില്ല, ”അദ്ദേഹം ചോദിച്ചു.

മോദി സർക്കാർ സംസ്ഥാനത്തിന് കടുത്ത അനീതി ചെയ്യുന്നുവെന്ന് തോന്നിയതിനാലാണ് താൻ പഞ്ചാബിൽ എത്തിയതെന്നും താൻ എല്ലായ്പ്പോഴും ദുർബലരോടും കഷ്ടപ്പാട് അനുഭവിക്കുന്നവരോടും ഒപ്പം നിൽക്കുന്നുവെന്നും രാഹുൽ പറഞ്ഞു. “ഒരുപക്ഷേ അതുകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത്,” അദ്ദേഹം പറഞ്ഞു.

Read more: Give me free press, other institutions and this govt won’t last long: Rahul Gandhi

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook