ന്യൂഡല്‍ഹി: രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ല. അതില്‍ പ്രധാനപ്പെട്ടതാണ് നേതൃത്വ നിരയില്‍ രാഹുലിന്റെ ഉയര്‍ച്ച. ബിജെപി പോലും രാഹുലിനെ ഒരു എതിരാളിയായി കണക്കാക്കാന്‍ തയ്യാറായിരുന്നില്ല. മോദി പ്രഭാവത്തിന് മുമ്പില്‍ രാഹുല്‍ ‘ശിശു’ ആണെന്നായിരുന്നു ബിജെപിയുടെ നിലപാട്. അതുകൊണ്ടാണ് രാഹുലിനെ ‘പപ്പു’വെന്ന് വിളിച്ചുളള ബിജെപിയുടെ പ്രചാരണം നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുലിനെ ഇകഴ്ത്തി കാട്ടിയുളള പ്രചാരണത്തിനും അതുകൊണ്ട് തന്നെ ബിജെപി കൂടുതല്‍ സമയം കണ്ടെത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന എതിരാളി രാഹുലാണെന്നതില്‍ ഇനി തര്‍ക്കമൊന്നും ഇല്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നാണംകെട്ട തോല്‍വി രാഹുലിന്റെ രാഷ്ട്രീയഭാവി ചോദ്യം ചെയ്തിരുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ ഫലപ്രദമായൊരു സഖ്യമുണ്ടാക്കാന്‍ കഴിയാതിരുന്നതും പാര്‍ട്ടിയെ ചെറുതായല്ല തളര്‍ത്തിയത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണാന്‍ പ്രാദേശിക പാര്‍ട്ടികള്‍ വിമുഖത കാണിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. രാഹുലിന്റെ നേതൃത്വം പ്രാദേശിക പാര്‍ട്ടികള്‍ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതിന് തെളിവാണ് ഈ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസിനോട് കാണിച്ച അകലം.

എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലത്തോടെ കോണ്‍ഗ്രസിന് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാകും. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരം രാഹുലും മോദിയും തമ്മിലാണെന്ന് ഇനി കോണ്‍ഗ്രസിന് മടികൂടാതെ പറയാം. ഇത് ചൂണ്ടിക്കാട്ടി പ്രാദേശിക പാര്‍ട്ടികളെ തങ്ങളുടെ കുടക്കീഴിലാക്കാനും കോണ്‍ഗ്രസിന് സാധിക്കും.

രാഷ്ട്രീയത്തില്‍ പക്വത ഇല്ലെന്ന പ്രതിപക്ഷത്തിന്റേയും പ്രാദേശിക പാര്‍ട്ടികളുടേയും വിമര്‍ശനം ഇനി രാഹുലിനെതിരെ ചെലവാകില്ലെന്ന് കോണ്‍ഗ്രസിന് ധൈര്യപൂര്‍വ്വം സമര്‍ത്ഥിക്കാം. പാര്‍ട്ടിക്ക് അകത്ത് തന്നെ രാഹുലിന്റെ നേതൃത്വത്തിനെതിരെ ഉയര്‍ന്ന് വന്ന ചോദ്യങ്ങളേയും കോണ്‍ഗ്രസിന് എളുപ്പം ഇല്ലാതാക്കാം.

ഈ വിജയം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് രാഹുലിന് മുതല്‍കൂട്ടാകും. കാര്‍ഷിക ഭൂരിപക്ഷ പ്രദേശങ്ങളായ മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും വിജയം കാര്‍ഷിക പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി പ്രചാരണം നടത്തുന്ന രാഹുലിന്റെ വിശ്വാസ്യതയെയും സഹായിക്കും. കര്‍ഷക പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്നതാണ് രാഹുലിന്റെ പ്രചാരണമെന്ന ചിത്രവും പാര്‍ട്ടിയെ സഹായിക്കും. ഈ നിയസമഭാ തിരഞ്ഞെടുപ്പ് വിജയം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ എത്രമാത്രം സ്വാധീനിക്കുമെന്ന് പറയാനാകില്ല. എങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയോടെ മത്സരിക്കുന്ന ശക്തനായ എതിരാളിയിയിരിക്കും മോദിക്ക് രാഹുലെന്നതില്‍ സംശയമില്ല.

Election Results 2018 LIVE: Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook