ന്യൂഡൽഹി: എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുളള സമയക്രമം പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിനാണ് വിജ്ഞാപനം. അടുത്തമാസം നാലിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള അവസാനദിനം. മറ്റു സ്ഥാനാർഥികളില്ലെങ്കിൽ ഫലപ്രഖ്യാപനം അന്നുതന്നെ ഉണ്ടാകും. സ്ഥാനാർഥികളുണ്ടെങ്കിൽ ഡിസംബർ 16ന് തിരഞ്ഞെടുപ്പ് നടത്തും. ഫലപ്രഖ്യാപനം 19 ന് നടക്കും.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വസതിയായ 10, ജൻപഥിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ്‌ അധ്യക്ഷ തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കാനാണ്‌ നീക്കം. ഡിസംബർ ഒൻപതിനാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ്.

അതേസമയം, രാഹുൽ ഗാന്ധി ഒഴിയുന്ന ഉപാധ്യക്ഷ സ്ഥാനത്തേക്കു മുതിർന്ന നേതാവ് എ.കെ.ആന്റണിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരകരണമൊന്നും ഉണ്ടായിട്ടില്ല. സോണിയ ഗാന്ധി തിരക്കുകളിൽനിന്ന് പിൻവാങ്ങുമ്പോൾ രാഹുലിന് മാർഗ നിർദേശം നൽകാൻ മുതിർന്ന നേതാവ് ആവശ്യമാണ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ ഈ സ്ഥാനത്തേക്ക് എ.കെ.ആന്റണിയെ പരിഗണിക്കുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ