ന്യൂഡല്‍ഹി: അപകീർത്തിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചു. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു
ശിക്ഷിക്കപ്പെട്ട ദിവസമായ മാര്‍ച്ച് 23 മുതല്‍ അദ്ദേഹത്തെ സഭയില്‍ നിന്ന് അയോഗ്യനാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസില്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായിരുന്ന പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് കേസ്. 2019 ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശമുണ്ടായത്. “എല്ലാ കള്ളന്മാരുടെ പേരിലും എന്തുകൊണ്ട് മോദി എന്ന പേര് വരുന്നു, നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ,” രാഹുല്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയതായാണ് ആരോപണം.