ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്തതിനെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ”രാജ്യത്തെ കൊളളയടിക്കാൻ മോദിയെ ആലിംഗനം ചെയ്യുക, അല്ലെങ്കിൽ ദാവോസിൽ മോദിക്കൊപ്പം പങ്കെടുക്കുക. ഈ സ്വാധീനം ഉപയോഗിച്ച് 12,000 കോടിയുടെ തട്ടിപ്പ് നടത്താം. എന്നിട്ട് മല്യയെപ്പോലെ രാജ്യം വിടാം, സർക്കാർ മറ്റു വഴികൾ കണ്ടുപിടിച്ചോളും” ഇതായിരുന്നു രാഹുലിന്റെ ട്വീറ്റ്.
Guide to Looting India
by Nirav MODI1. Hug PM Modi
2. Be seen with him in DAVOSUse that clout to:
A. Steal 12,000Cr
B. Slip out of the country like Mallya, while the Govt looks the other way.— Office of RG (@OfficeOfRG) February 15, 2018
പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദി സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്തതിന്റെ ചിത്രം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മോദിക്കൊപ്പം നീരവ് പങ്കെടുത്ത സംഭവത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നാണ് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെടുന്നത്.
വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചായിരുന്നു നീരവ് തട്ടിപ്പ് നടത്തിയതെന്നാണു നിഗമനം. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽ നിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതോടെയാണ് ബാധ്യത ജാമ്യം നിന്ന പിഎൻബിക്കായത്.