ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ കളത്തിലിറക്കി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായും പൗരത്വ രജിസ്റ്ററിനെതിരായും ഡല്‍ഹിയില്‍ ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. രാഹുല്‍ ഗാന്ധിയായിരിക്കും ധര്‍ണയ്ക്ക് നേതൃത്വം നല്‍കുക.
രാജ്ഘട്ടില്‍ തിങ്കളാഴ്ചയാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുക. നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ രാത്രി എട്ട് വരെ രാഹുല്‍ ഗാന്ധി ധര്‍ണയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ധര്‍ണയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് നടക്കേണ്ട ധർണ തിങ്കളാഴ്‌ചത്തേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു. നിരോധനാജ്ഞ നിലവിലുള്ളതുകൊണ്ടും ഇന്ന് പ്രധാനമന്ത്രിയുടെ പരിപാടി ഡൽഹിയിൽ നടക്കുന്നതിനാലുമാണ് കോൺഗ്രസ് പ്രതിഷേധ പരിപാടി മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. കോളേജുകള്‍ അടയ്ക്കാനും ടെലിഫോണ്‍, ഇന്റർനെറ്റ് സൗകര്യങ്ങൾ വിച്ഛേദിക്കാനും നിരോധനാജ്ഞ പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്താനും സമാധാനപരമായ പ്രതിഷേധത്തെ തടയാനുമുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. രാഹുൽ ഗാന്ധി ഇപ്പോൾ വിദേശത്താണ്. പ്രിയങ്ക ഗാന്ധിയാണ് രാജ്യതലസ്ഥാനത്ത് കോൺഗ്രസ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.
പ്രതിഷേധങ്ങളെ തുടർന്ന് രാജ്യത്ത് ഇതുവരെ 15 പേർ മരിച്ചതായാണ് റിപ്പോർട്ട്. എട്ട് വയസ്സുള്ള കുട്ടിയടക്കമാണ് ഇത്.