ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കുന്നതിന്റെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഎം കേന്ദ്രകമ്മിറ്റി അംഗവും കുല്‍ഗാം എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സിപിഎം കോടതിയില്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ യെച്ചൂരി ഹേബിയസ് കോർപസ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

ദിവസങ്ങളായി കസ്റ്റഡിയിൽ തുടരുന്ന തരിഗാമിക്ക് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് ഹേബിയസ് കോർപസ് ഹർജിയിൽ ആരോപിക്കുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, പ്രമുഖ നേതാവായ സാജിദ് ലോൺ, കോൺ​ഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവർക്കെതിരായ നടപടിക്ക് പിന്നാലെയാണ് യുസഫ് തരിഗാമിയെയും കസ്റ്റഡിയിലെടുത്തത്.

Read Also: പ്രാസംഗികന്‍, ജനനേതാവ്, രാഷ്ട്രീയത്തിനപ്പുറത്തെ സൗഹൃദം; ജെയ്റ്റ്‌ലി ഓര്‍മയാകുമ്പോള്‍

അതേസമയം, ജമ്മു കശ്മീർ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ശ്രീനഗറിലെത്തി. ജമ്മു കശ്മീർ സന്ദർശിക്കാൻ ഗവർണർ സത്യപാൽ മാലിക്കാണ് രാഹുൽ ഗാന്ധിയെ നേരത്തെ ക്ഷണിച്ചത്. ഗവർണറുടെ ക്ഷണം സ്വീകരിച്ചാണ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ശ്രീനഗറിലെത്തിയിരിക്കുന്നത്. എന്നാൽ, ശ്രീനഗറിലെത്തിയ സംഘത്തെ വിമാനത്താവളത്തിൽ തടഞ്ഞു. നേതാക്കൾക്ക് മാധ്യമങ്ങളെ കാണാനും അനുമതിയില്ല. ഉച്ചയ്ക്ക് രണ്ടോടെയാണ് രാഹുൽ ഗാന്ധി അടക്കമുള്ള സംഘം ശ്രീനഗറിലെത്തിയത്. ഇവരെ തിരിച്ച് അയച്ചു.

രാഹുൽ ഗാന്ധിക്കൊപ്പം സിപിഐ സെക്രട്ടറി ഡി.രാജ, സിപിഎം സെക്രട്ടറി സീതാറം യെച്ചൂരി, ശരദ് യാദവ്, ഗുലാം നബി ആസാദ്, കെ.സി.വേണുഗോപാൽ തുടങ്ങി 12 ഓളം നേതാക്കളാണ് ഉള്ളത്. ഇവരെയെല്ലാം തടഞ്ഞുവച്ചിരിക്കുകയാണ്. ഗവർണർ നേരത്തെ പ്രതിപക്ഷ നേതാക്കളെ ജമ്മു കശ്മീർ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ, പിന്നീട് തീരുമാനം പിൻവലിക്കുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook