ലഖ്‌നൗ: ജാതി സംഘർഷങ്ങളെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തർപ്രദേശിലെ സഹരൻപൂർ സന്ദർശിക്കാൻ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചു. ഉത്തർപ്രദേശ് പൊലീസാണ് അനുമതി നിഷേധിച്ചത്. ഇതോടെ ശനിയാഴ്ച സംഘർഷ ബാധിത പ്രദേശം രാഹുൽ ഗാന്ധി സന്ദർശിക്കാനിരുന്നത് മാറ്റിവച്ചു.

ഉത്തർപ്രദേശ് പൊലീസ് വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സഹരൻപൂർ പൊലീസ് സൂപ്രണ്ടാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം വിലക്കിയത്.

അതേസമയം സഹരൻപൂർ സംഘർഷത്തെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി ആരോപിച്ചു. “ഉത്തർപ്രദേശിലെ പടിഞ്ഞാറൻ ജില്ലകളിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്”​എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചിരിക്കുന്നത്.

“സഹരൻപൂറിൽ സമാധാനം പുന:സ്ഥാപിച്ചിരുന്നു. ഈ സമയത്താണ് മായാവതി ഇവിടം സന്ദർശിച്ചത്. ഇതേ തുടർന്ന് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇപ്പോൾ ദുരന്ത സ്ഥലങ്ങളിൽ വിനോദസഞ്ചാരം നടത്തുന്ന രാഹുൽ ഗാന്ധിയും ഇവിടേക്ക് പുറപ്പെട്ടിരിക്കുകയാണ്” എന്ന് ഉത്തർപ്രദേശ് മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞു.

യോഗി ആദിത്യനാഥ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് ബിജെപി ഉയർത്തിയിരിക്കുന്ന ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ