ഭുവനേശ്വര്‍: രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ച് അപമാനിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒഡീഷയിലെ പരലഖ്മുണ്ഡിയില്‍ ബിജെപി റാലിയില്‍ സംസാരിക്കവെയായിരുന്നു രാഹുലിനെതിരെ അമിത് ഷാ രംഗത്തെത്തിയത്.
”എല്ലാ പ്രതികളേയും വെറുതെവിട്ടു. രാഹുല്‍ ബാബുവും കമ്പനിയും മൊത്തം ഹിന്ദു സമുദായത്തെ ഹിന്ദു തീവ്രവാദമെന്ന് പറഞ്ഞ് അപമാനിച്ചു. ഒരു ഹിന്ദുവിന് തീവ്രവാദിയാകാന്‍ സാധിക്കുമോ? തന്നെ കടിക്കുന്ന ഉറുമ്പിന് പോലും ഭക്ഷണം കൊടുക്കുന്നവരാണ് ഹിന്ദുക്കള്‍. സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കാനായി അവര്‍ ഹിന്ദുക്കളെ തീവ്രവാദിയെന്ന് വിളിക്കുകയാണ്” അമിത് ഷാ പറഞ്ഞു.
”രാഹുല്‍ ഗാന്ധി ഇവിടെ വരുന്നത് ടൂറിസ്റ്റായിട്ടാണ്. സോണിയയും മന്‍മോഹനും 10 കൊല്ലം ഭരിച്ചു. 13-ാം സാമ്പത്തിക കമ്മിഷന്‍ വന്നപ്പോള്‍ രാഹുലിന്റെ സര്‍ക്കാര്‍ ആകെ തന്നത് 80000 കോടിയാണ്. മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തിനിടെ ഒഡീഷക്ക് 5.56 ലക്ഷം കോടിയാണ് തന്നത്” ഷാ പറഞ്ഞു. മോദി അയച്ച പണം നവീന്‍ പട്‌നായിക്കിന്റെ ഉദ്യോഗസ്ഥര്‍ കൈക്കലാക്കിയത് കൊണ്ടാണ് ജനങ്ങള്‍ക്ക് കിട്ടാത്തതെന്നും അമിത് ഷാ പറഞ്ഞു.
നാട്ടിലെ പട്ടിണി ഇല്ലാതാക്കുന്നതില്‍ നരേന്ദ്ര മോദിയില്‍ നിന്നും നവീന്‍ പട്‌നായിക് പഠിക്കണമെന്നും അമിത് ഷാ പറഞ്ഞു. ”നവീന്‍ ബാബു, എങ്ങനെ പട്ടിണി ഇല്ലാതാക്കം എന്ന് ട്യൂഷന്‍ വേണമെങ്കില്‍ മോദിജി ഫീസ് വാങ്ങാതെ പഠിപ്പിച്ച് തരും. പക്ഷെ നിങ്ങളുടെ സമയം കഴിഞ്ഞു പോയല്ലോ. ഒഡീഷയ്ക്ക് ചെറുപ്പക്കാരനായ മുഖ്യമന്ത്രിയെയാണ് വേണ്ടത്” അമിത് ഷാ പറഞ്ഞു.