scorecardresearch

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിലെ ശിക്ഷാവിധി: രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ നേതാക്കള്‍

2019-ലെ കേസില്‍ സൂറത്ത് ജില്ലാ കോടതിയാണ് രാഹുലിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചത്

Rahul Gandhi, Congress
രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി ഉത്തരവില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കണ്ട് കോടതി ഉത്തരവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

കോടതി വിധിയെത്തുടർന്ന് രാഹുലിന്റെ എംപി സ്ഥാനത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഉത്തരവിനോടൊപ്പം പരാതി വന്നാൽ, നിയമ വിദഗ്ധർ പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് സ്പീക്കറുടെ ഓഫീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിക്കവെ വ്യക്തമാക്കിയത്.

2019-ലെ കേസില്‍ സൂറത്ത് ജില്ലാ കോടതിയാണ് രാഹുലിനെതിരായ വിധി പുറപ്പെടുവിച്ചത്. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലായിരുന്നു കേസ്. മേല്‍ക്കോടതിയെ സമീപിക്കുന്നതിനായി ഉത്തരവ് 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായിരുന്ന പൂര്‍ണേഷ് മോദിയുടെ പരാതിയിലാണ് കേസ്.

2019 ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശമുണ്ടായത്. “എല്ലാ കള്ളന്മാരുടെ പേരിലും എന്തുകൊണ്ട് മോദി എന്ന പേര് വരുന്നു, നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിങ്ങനെ,” രാഹുല്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയതായാണ് ആരോപണം.

രാഹുല്‍ ഗാന്ധിയുടെ മനോഭാവം കാരണം കോണ്‍ഗ്രസ് ബുദ്ധിമുട്ടുകയാണെന്ന് കോടതി ഉത്തരവിനോട് പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി പറയുന്നതെന്തും കോൺഗ്രസിനേയും രാജ്യത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. നരേന്ദ്ര മോദി ഭരണത്തില്‍ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടി മെതിക്കപ്പെടുകയാണെന്നും ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Rahul gandhi defamation case opposition leaders meeting with president updates