/indian-express-malayalam/media/media_files/uploads/2023/03/Rahul-Gandhi-Presser-3.jpeg)
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ജര്‍മ്മനി. വിഷയം ശ്രദ്ധയില്‍പ്പെട്ടതായും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ ബാധകമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
''ജര്‍മ്മന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യാന്തര ബ്രോഡ്കാസ്റ്ററായ ഡച്ച് വെല്ലെ (ഡിഡബ്ല്യു) സംപ്രേഷണം ചെയ്ത ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യന്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ രാഹുല്‍ ഗാന്ധിക്കെതിരായ ആദ്യ സംഭവത്തിന്റെ വിധിയും അദ്ദേഹത്തിന്റെ പാര്‍ലമെന്ററി അംഗത്വം സസ്‌പെന്‍ഡ് ചെയ്തതും ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ അറിവില്‍ രാഹുല്‍ ഗാന്ധി വിധിക്കെതിരെ അപ്പീല്‍ പോകേണ്ട അവസ്ഥയിലാണ്. വിധി നിലനില്‍ക്കുന്നതാണോയെന്നും സസ്‌പെന്‍ഷന് അടിസ്ഥാനമുണ്ടോയെന്നും അപ്പീല്‍ നടപടികളില്‍ വ്യക്തമാകും. വിഷയത്തില്‍ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ ബാധകമാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ജര്‍മ്മന്‍ വക്താവ് പറഞ്ഞു.
നിയമവാഴ്ചയോടും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തോടുമുള്ള ആദരവ് ഏതൊരു ജനാധിപത്യത്തിന്റെയും ആണിക്കല്ലാണെന്ന് പറഞ്ഞ് അമേരിക്ക സമാനമായ നിലപാട് സ്വീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ജര്‍മ്മനിയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടെ അപകീര്‍ത്തി കേസ് യുഎസ് നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ''നിയമവാഴ്ചയോടും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തോടുമുള്ള ആദരവ് ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാനശിലയാണ്, ഇന്ത്യന്‍ കോടതികളില്‍ ഗാന്ധിയുടെ കേസ് ഞങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ജനാധിപത്യ മൂല്യങ്ങളോടും ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയില്‍ ഞങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപഴകുന്നു'' വേദാന്ത് പട്ടേല്‍ പറഞ്ഞു.
''ഞങ്ങളുടെ ഇന്ത്യന്‍ പങ്കാളികളുമായുള്ള ഇടപഴകലില്‍, ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യവും അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംരക്ഷണവും നമ്മുടെ രണ്ട് ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള താക്കോലായി ഉയര്‍ത്തിക്കാട്ടും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us