/indian-express-malayalam/media/media_files/uploads/2023/03/Priyanka-Gandhi.jpg)
ന്യൂഡല്‍ഹിയിലെ രാജ്ഘട്ടില്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് പ്രിയങ്ക ഗാന്ധി സംസാരിക്കുന്നു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി.
രക്തസാക്ഷിയായ പ്രധാനമന്ത്രിയുടെ മകനും രാജ്യത്തെ ഒന്നിപ്പിക്കാനായി ആയിരക്കണക്കിന് കിലോമീറ്ററുകളും നടക്കുകയും ചെയ്ത രാഹുലിന് ഒരിക്കലും ഇന്ത്യയെ അപമാനിക്കാനാകില്ലെന്ന് പ്രിയങ്ക പറഞ്ഞു. "എനിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തോളു, ജയിലില്‍ അടച്ചോളു, സത്യമിതാണ്, ഇന്ത്യയുടെ പ്രധാമന്ത്രി ഒരു ഭീരുവാണ്," പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കക്ക് പുറമെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുള്‍പ്പടയുള്ള മുതിര്‍ന്ന നേതാക്കള്‍ സത്യാഗ്രഹമനുഷ്ടിക്കുന്നുണ്ട്. ഈ സത്യാഗ്രഹം ഇന്ന് മാത്രമാണ്, പക്ഷെ ഇത് രാജ്യം മുഴുവനും നടക്കുന്ന ഒന്നാണ്. രാഹുല്‍ ഗാന്ധി പോരാടുന്നത് സാധാരണ ജനങ്ങള്‍ക്കായാണ്. കര്‍ണാടകയില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിന്റെ കേസ് ഗുജറാത്തിലേക്ക് മാറ്റി. കര്‍ണാടയില്‍ മാനനഷ്ടക്കേസ് കൊടുക്കാനുള്ള ശക്തി ബിജെപിക്കില്ല, ഖാര്‍ഗെ പറഞ്ഞു.
അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ നരേന്ദ്ര മോദി ഭയപ്പെട്ടതിനാലാണ് താൻ അയോഗ്യനാക്കപ്പെട്ടതെന്ന് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ജനാധിപത്യ ശബ്ദത്തെ സംരക്ഷിക്കാൻ ഞാൻ ഇവിടെയുണ്ട്. അത് തുടരും, എനിക്ക് ആരെയും, ഒന്നിനെയും പേടിയില്ല. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത് താൻ തുടരുമെന്നും രാഹുൽ വ്യക്തമാക്കി.
”ജനാധിപത്യം ആക്രമിക്കപ്പെട്ടു. ഇതിന്റെ ഉദാഹരണങ്ങൾ ഓരോ ദിവസവും കാണുന്നുണ്ട്. അവരെന്നെ എന്നെന്നേക്കും അയോഗ്യനാക്കിയാലും ഞാന്റെ പ്രവർത്തനങ്ങൾ തുടരും. ഞാൻ പാർലമെന്റിനകത്തുണ്ടോ ഇല്ലയോ എന്നതൊരു വിഷയമല്ല. രാജ്യത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടം തുടരും. എന്നെ അയോഗ്യനാക്കിക്കോട്ടെ, ജയിലിൽ അടച്ചോട്ടെ, ഞാൻ മുന്നോട്ടും പോകും,” രാഹുൽ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കുക എന്നതാണ് എന്റെ ജോലി, അതായത് രാജ്യത്തെ സ്ഥാപനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ശബ്ദം സംരക്ഷിക്കുകയും പ്രധാനമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ച് രാജ്യത്തെ ചൂഷണം ചെയ്യുന്ന അദാനിയെപ്പോലുള്ളവരെക്കുറിച്ചുള്ള സത്യം ജനങ്ങളോട് പറയുക. ഈ സർക്കാരിനെ സംബന്ധിച്ചിടത്തോളം രാജ്യമാണ് അദാനി, അദാനിയാണ് രാജ്യമെന്നും രാഹുൽ പറഞ്ഞു.
വെള്ളിയാഴ്ചയാണ് വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചത്. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.