ന്യൂഡല്‍ഹി : ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ കേസില്‍ വിസ്താരം കേള്‍ക്കുകയായിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സുപ്രീംകോടതിയുടെ ഉന്നതതല സംഘം അന്വേഷണം നടത്തണം എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍  രാഹുല്‍ഗാന്ധി. ചീഫ് ‌ജസ്റ്റിസ് ദീപക് മിശ്ര കേസില്‍ നടത്തിയ ഇടപെടലുകള്‍ക്കെതിരെ സുപ്രീംകോടതിയിലെ തന്നെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അതൃപ്തി പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയ സാഹചര്യത്തിലാണ് രാഹുല്‍ഗാന്ധി പ്രതികരണവുമായി വന്നത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ്ജസ്റ്റിസിനോട് പ്രകടിപ്പിച്ച എതിര്‍പ്പും നടത്തിയ ആരോപണങ്ങളും അസ്വസ്ഥമാക്കുന്നതാണ് എന്ന് പറഞ്ഞ കോണ്‍ഗ്രസ്, സംഭവം ഇന്ത്യന്‍ ജനാധിപത്യത്തില്‍ ‘ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുന്നതാണ് എന്നും അഭിപ്രായപ്പെട്ടു.

“ബഹുമാന്യരായ ന്യായാധിപന്മാർ നടത്തിയ നിരീക്ഷണങ്ങളും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയർത്തിക്കൊണ്ടുവന്ന അവരെഴുതിയ കത്തും അത്യന്തം അസ്വസ്തമാക്കുന്നതും നമ്മള്‍ പാവനമെന്ന് കരുതുന്ന മൂല്യങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുന്നതും ആവും. ജനാധിപത്യവും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ” മാധ്യമങ്ങൾക്കു നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ കോൺഗ്രസ് പറഞ്ഞു.

നീതി എന്ന ആശയം ഇഷ്ടപ്പെടുന്ന എല്ലാ പൗരന്മാരും ഈ വിഷയത്തെക്കുറിച്ച് ആലോചിക്കുകയാണ് എന്ന് പറഞ്ഞ രാഹുൽ ഗാന്ധി പറഞ്ഞു. പ്രശ്നത്തിന്‍റെ സംവേദനക്ഷമത കണക്കിലെടുത്തുകൊണ്ട് തന്നെ അതിനെ ശ്രദ്ധാപൂർവ്വം അഭിസംബോധന ചെയ്യേണ്ടതുണ്ട് എന്നും പറഞ്ഞു. അതേസമയം, ജഡ്ജിമാർക്കെതിരായ കേസുകളുടെ കാര്യത്തില്‍ പരമോന്നതകോടതി പാലിച്ചുകൊണ്ടിരുന്ന രീതികൾ പുനഃസ്ഥാപിക്കണം എന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ