ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിനുശേഷമുളള കന്നി പ്രസംഗത്തിൽ ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദി ഭരണത്തിൽ എതിർക്കാനുളള അവകാശം പൗരന്മാർക്ക് നഷ്ടമായെന്ന് രാഹുൽ പറഞ്ഞു. ജനങ്ങളെ അടിച്ചമർത്താൻ രാഷ്ട്രീയം ഉപയോഗിക്കുന്നു. ഭക്ഷണത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നു. ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയം. ഇന്ത്യയിൽ ഇന്ന് നടക്കുന്നത് ഭയത്തിന്റെ രാഷ്ട്രീയം. ഞങ്ങളുടേത് സ്നേഹത്തിന്റെ രാഷ്ട്രീയമാണെന്നും രാഹുൽ പറഞ്ഞു.

ഞാൻ ആദർശവാനായ ഒരാളാണ്. രാഷ്ട്രീയം ജനങ്ങളുടേതാണ്. പക്ഷെ ഇന്ന് ജനങ്ങളുടെ സേവനത്തിനല്ല രാഷ്ട്രീയം ഉപയോഗിക്കപ്പെടുന്നത്. ഇന്നത്തെ രാഷ്ട്രീയത്തിൽ നമ്മളിൽ പലരും നിരാശരാണ്. ഇന്നത്തെ രാഷ്ട്രീയത്തിൽ ദയയും സത്യവും കുറവാണ്. ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് എത്തിച്ചത് കോൺഗ്രസാണ്. എന്നാൽ മോദി സർക്കാരിന്റെ ഭരണം ഇന്ത്യയെ പിന്നോട്ട് കൊണ്ടുപോകുന്നു.

ബിജെപിയുടെ ഭീഷണിക്ക് വഴങ്ങില്ല. ഓരോ ഇന്ത്യക്കാരന്റെയും അവകാശത്തിനായി പോരാടും. ഇരയാക്കപ്പെടുന്ന ജനാധിപത്യത്തിനായി നിലകൊളളും. രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ഭീഷണി നേരിടുന്നുണ്ട്. ഇത് തിരിച്ചു പിടിക്കാനുളള ശ്രമം തുടരും. ബിജെപിയുടെ പ്രവൃത്തികളെ തടയാൻ ഒരേയൊരു രാഷ്ട്രീയ പാർട്ടിക്കേ കഴിയൂ. അത് കോൺഗ്രസ് പാർട്ടിയാണ്. ചെറുപ്പക്കാർക്കും മുതിർന്ന നേതാക്കൾക്കും ഉചിതമായ സ്ഥാനം നൽകിയുളള പാർട്ടിയായി കോൺഗ്രസിനെ മാറ്റും.

അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടും. ഒറ്റയ്ക്ക് പോരാടാൻ കഴിയാത്തവർക്കായി പൊരുതും. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഊർജമാണ് കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ വെളിച്ചം. ബിജെപി സ്വന്തം നേട്ടത്തിനായാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് പാർട്ടി ജനങ്ങളുടെ സേവനത്തിനായാണ് നിലകൊളളുന്നത്. ബിജെപിയുടെ ആക്രമണശൈലിയെ സ്നേഹം കൊണ്ടായിരിക്കും കോൺഗ്രസ് നേരിടുക- രാഹുൽ പറഞ്ഞു.

നിരവധി ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. ചടങ്ങില്‍ രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറി. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. സ്ഥാനമൊഴിഞ്ഞ സോണിയാ ഗാന്ധിക്കും പുതിയ പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹൻ സിങ് ആശംസയര്‍പ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook