ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ നരേന്ദ്ര മോദിയ്ക്കെതിരായ വിമര്‍ശനങ്ങളുടെ ശക്തി കൂട്ടുകയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. ശനിയാഴ്ചയാണ് പത്തൊമ്പത് വര്‍ഷം പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തുണ്ടായിരുന്ന സോണിയാഗാന്ധിയില്‍ നിന്നും അധികാരം രാഹുളിലലേക്ക് കൈമാറുന്നത്.

രാഹുലിനെ പാര്‍ട്ടി ദേശീയാദ്ധ്യക്ഷനായി പ്രഖ്യാപിച്ച തീരുമാനത്തെ ഏറെ ആഘോഷങ്ങളോടെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് കാത്തുനിന്നിരുന്ന പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്യുകയും മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

സ്ഥാനമേറ്റ പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ അഭിനന്ദിക്കുവാന്‍ അമ്മ സോണിയാഗാന്ധിയും മറന്നില്ല ” രാഹുല്‍ എന്‍റെ മകനാണ്. അതിനാല്‍ തന്നെ ഞാന്‍ അവനെ പ്രശംസിക്കുന്നതില്‍ പൊരുത്തക്കേടുണ്ട്. ചെറുപ്പം മുതല്‍ ഹിംസയുടെ വേദനകള്‍ പേറിയവനാണ് രാഹുല്‍. രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് മുതലും രൂക്ഷമായ ഭാഷയിലുള്ള വ്യക്തിഹത്യയാണ് അവന് നേരിടേണ്ടിവന്നത്. അത് രാഹുലിനെ കൂടുതല്‍ കരുത്തനാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ” സോണിയാഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ തന്നെ നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ഗാന്ധി ആഞ്ഞടിച്ചത്. രാജ്യത്ത് പടരുന്ന അശാന്തിക്കും ഹിംസയ്ക്കും കാരണം ബിജെപി ആണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ പുരാതനകാലത്തേക്ക് കൊണ്ടുപോവുകയാണ് എന്നും ആരോപിച്ചു.

” കോണ്‍ഗ്രസ് ഇന്ത്യയോടു വെക്കുന്ന ബഹുമാനം ബിജെപിയേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ്. ഞങ്ങള്‍ വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിടുന്നവരല്ല. അവര്‍ നിങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നു. ഞങ്ങള്‍ ഏറ്റവും ദുര്‍ബലരായവരേയും പാടാന്‍ അനുവദിക്കുന്നു. അവര്‍ നമ്മളെ അപകീര്‍ത്തിപ്പെടുത്തുന്നു. നമ്മള്‍ ബഹുമാനത്തോടെ തന്നെ അവരെ പ്രതിരോധിക്കുന്നു. ” രാഹുല്‍ഗാന്ധി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ