ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വീണ്ടും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേന്ദ്രസര്‍ക്കാരിന്നുള ജനപിന്തുണ നഷ്ടപ്പെട്ടു എന്നു പറഞ്ഞ രാഹുല്‍ “സമ്പദ്ഘടനയ്ക്കു വേണ്ടി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഷട്ടപ്പ് ഇന്ത്യാ എന്ന് പിന്നാലെ വന്നാല്‍ അതിനെ സ്വാഗതം ചെയ്യില്ല. യുപിഎ സര്‍ക്കാരിന്‍റെ അവസാന കാലഘട്ടത്തില്‍ പോരായ്മകള്‍ ഉണ്ടായിരുന്നതായി ഞാന്‍ സമ്മതിക്കുന്നു. ബിജെപി സര്‍ക്കാര്‍ മരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. മൂന്നര വര്‍ഷത്തിനിപ്പുറം ജനങ്ങളും ആ വിശ്വാസം ഉപേക്ഷിച്ചു കഴിഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ മോദി സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ന്നു തരിപ്പണമായി” പിഎച്ച്ഡിയുടെ 112ാമത് സെഷനില്‍ സംസാരിക്കുകയായിരുന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ പറഞ്ഞു.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ മെല്ലെപ്പോക്കിനെ ചൊല്ലി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയും രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചത് ” വ്യവസായങ്ങള്‍ മുങ്ങുകയാണ് എങ്കിലും അരുണ്‍ ജെയ്റ്റ്‌ലി ദിവസേന മുടങ്ങാതെ ടിവിയില്‍ പോവുകയും കാര്യങ്ങളെല്ലാം സുഗമമാണ് എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് ” രാഹുല്‍ഗാന്ധി പറഞ്ഞു.

കള്ളപ്പണത്തിനെതിരെയും ‘ക്യാഷ്ലെസ്സ്’ സമൂഹത്തിനെതിരെയും നരേന്ദ്രമോദി നടത്തുന്ന സമരങ്ങളേയും രാഹുല്‍ഗാന്ധി പരിഹസിച്ചു. ” എല്ലാ നാണയവും കള്ളപ്പണമല്ല, എല്ലാ കള്ളപ്പണവും നാണയവുമല്ല” എന്നായിരുന്നു കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook