ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാഗംവുമായ അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തൂണ്‍ എന്നനിലയില്‍ എന്നും എക്കാലത്തും അഹമ്മദ് പട്ടേല്‍ ഓര്‍മിക്കപ്പെടുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

“ഇന്ന് ഏറെ ദുഃഖകരമായ ഒരു ദിവസമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തൂണായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസായിരുന്നു അദ്ദേഹത്തിന്റെ ജീവനും ശ്വാസവും. ഏറ്റവും ബുദ്ധിമുട്ടേറിയ ഓരോ ഘട്ടത്തിലും അദ്ദേഹം കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസിന് അദ്ദേഹം വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. നമ്മള്‍ അദ്ദേഹത്തെ മിസ് ചെയ്യും. ഫൈസലിനോടും മുംതാസിനോടും കുടുംബത്തോടും എന്റെ സ്‌നേഹവും അനുശോചനവുമറിയിക്കുന്നു,” രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അഹമ്മദ് പട്ടേലിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനമറിയിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് മോദി അനുസ്മരിച്ചു. മകന്‍ ഫൈസലിനെ അനുശോചനം അറിയിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

“അഹമ്മദ് പട്ടേല്‍ജിയുടെ വിയോഗത്തില്‍ ഏറെ ദു:ഖമുണ്ട്. വര്‍ഷങ്ങളോളം പൊതുജീവിതത്തിലൂടെ അദ്ദേഹം സമൂഹത്തെ സേവിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്റെ മകന്‍ ഫൈസലുമായി സംസാരിച്ച് അനുശോചനം അറിയിച്ചു. അഹമ്മദ് ഭായിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,” മോദി ട്വീറ്റ് ചെയ്തു.

ഇന്ന് പുലർച്ചെ 3.30ഓടെ ആയിരുന്നു അഹമ്മദ് പട്ടേലിന്റെ അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിൽ തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യ നില വഷളായതായി മകന്‍ അറിയിച്ചു.

Read More: കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു; നഷ്ടമായത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook