രാഹുൽ ഗാന്ധി പ്രസിഡന്റ് പദമേറ്റെടുത്ത ശേഷം കോൺഗ്രസ് പ്രവർത്തക സമതിയോഗത്തിൽ ആദ്യമായി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലാണ് സോണിയാ ഗാന്ധിയിൽ നിന്നും പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ പ്രവർത്തക സമിതിയോഗമാണിത്. ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പോരാടുകയും നിലകൊളളുകയും വേണമെന്ന് രാഹുൽ ഗാന്ധി പ്രവർത്തക സമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കാലത്തെയും വർത്മാനകാലത്തെയും ഭാവിയെയും ഒരുമിപ്പിക്കുന്ന പാലമാകണം പ്രവർത്തക സമിതിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ‘ഇന്ത്യയുടെ ശബ്ദം’ ആണെന്നും ഇന്ത്യയുടെ ഭാവിയും വർത്തമാനവും കോൺഗ്രസിന്റെ ഉത്തരവാദിത്വമാണെന്നും കോൺഗ്രസ് പ്രസിഡന്റ് അഭിപ്രായപ്പട്ടതായി പാർട്ടി വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.

കേന്ദ്രഭരണത്തിൽ​ ബി ജെ പി യുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞുവെന്ന അറിവിന്റെ നൈരാശ്യമാണ് പ്രതിഫലനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാചാടോപമെന്ന് സോണിയയാഗാന്ധി അഭിപ്രായപ്പെട്ടു. അപകടകരമായ ഈ ഭരണതത്ിൽ നിന്നു ഇന്ത്യയിലെ ജനങ്ങളെ രക്ഷിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

സഖ്യങ്ങളുണ്ടാക്കാനും പ്രവർത്തിക്കാനുമുളള യത്നത്തിൽ നമ്മളെല്ലാ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടാകണമെന്നും സോണിയ പറഞ്ഞു

ദ്വിഗ് വിജയ് സിങ്, സി പി ജോഷി, ജനാർദൻ ദ്വിവേദി, സുശീൽ കുമാർ ഷിൻഡേ, ഓസ്കാർ ഫെർണാണ്ടസ് എന്നീ മുതിർന്ന നേതാക്കളെ ഒഴിവാക്കി പരിചയസമ്പന്നരെയും യുവനിരയെയും ചേർത്താണ് ​രാഹുൽ ഗാന്ധി പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ, തരുൺഗഗോയ്, സിദ്ധരാമ്മയ്യ, ഷീലാ ദീക്ഷിത് ഗുലാം നബി ആസാദ്,, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് പുറമെ കേരളത്തിൽ നിന്നും എ കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവരും പുനഃസംഘടയിൽ പ്രവർത്തക സമതിയിലുൾപ്പെടുത്തി.

പ്രവർത്തക സമിതി അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും അംഗബലവും രാഹുൽ വർധിപ്പിച്ചു. മൊത്തം അംഗസഖ്യ 51 ആക്കി ഉയർത്തി. ഇതിൽ 23 പേർ സ്ഥിരം അംഗങ്ങളും 18 പേർ സ്ഥിരം ക്ഷണിതാക്കളും പത്ത് പേർ പ്രത്യേക ക്ഷണിതാക്കളുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook