അമേഠി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ വികസനം ഇല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോണ്‍ഗ്രസിന്റെ വികസന പരിപാടികളുടെ ക്രെഡിറ്റ് പറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞതിന് മറുപടിയായാണ് ഷായുടെ വിമര്‍ശനം.

അറുപത് വര്‍ഷം രാഹുലിന്റെ പാര്‍ട്ടി ഇന്ത്യ ഭരിച്ചിട്ടും മൂന്ന് വര്‍ഷം ഭരിച്ച മോദി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡാണ് അദ്ദേഹം ചോദിക്കുന്നതെന്ന് അമിത് ഷാ പരിഹസിച്ചു. മണ്ഡലത്തില്‍ സ്മൃതി ഇറാനിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട് പോലും രാഹുല്‍ അമേഠി കലക്ടര്‍ ഓഫീസ് ഇതുവരെയും സന്ദര്‍ശിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും സ്മൃതി ഇറാനി ഇവിടെ സന്ദര്‍ശിക്കുന്നു’, അമിത് ഷാ പറഞ്ഞു.

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപതോളം പുതിയ പദ്ധതികള്‍ ബിജെപി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അമേഠി പിടിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തുണ്ട്. ഉറി ആക്രമണം നടത്തിയതിന് പ്രത്യാക്രമണമായി 30 ദിവസത്തിന് അകമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. എന്നാല്‍ ഇറ്റാലിയന്‍ നിർമിത കണ്ണട ഉപയോഗിക്കുന്നത് കൊണ്ടാണ് രാഹുലിന് ഇതൊന്നും കാണാന്‍ കഴിയാത്തതെന്നും അമിത് ഷാ പരിഹസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ