ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ചവച്ച പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ബിജെപിക്ക് നൂറു സീറ്റ് തികയ്ക്കുവാനാകാത്തത് നരേന്ദ്ര മോദിയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതിന്‍റെ തെളിവാണ് എന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോള്‍ ആരും തന്നെ അദ്ദേഹത്തെ വകവയ്ക്കുന്നില്ല എന്നും കൂട്ടിച്ചേര്‍ത്തു.

മോദി ഉയര്‍ത്തിയ ഗുജറാത്ത് മാതൃകയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ” അതൊരു നല്ല പ്രചാരവേലയായിരുന്നു. എളുപ്പത്തില്‍ കച്ചവടം ചെയ്യാവുന്നത്. എന്നാല്‍ അതിന്‍റെ ഉള്ള് പൊള്ളയാണ്‌. അദ്ദേഹം വികസനത്തെ കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷെ സത്യാവസ്ഥ എന്താമെന്ന് വച്ചാല്‍ അതിനെകുറിച്ച് അദ്ദേഹത്തിന് ഉത്തരം ഇല്ല എന്നാണ്.” കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

വോട്ടര്‍മാര്‍ ‘ജാതിയുടെ വിഷം’ ഉപേക്ഷിച്ചുവെന്ന മോദിയുടെ കമന്റിനെക്കുറിച്ചും രാഹുൽ ഗാന്ധി പ്രതികരിച്ചു. “അദ്ദേഹം വികസനത്തെക്കുറിച്ചോ ചരക്കു സേവന നികുതിയെകുറിച്ചോ പ്രസംഗിക്കാത്തത് അത്ഭുതകരമാണ്. നോട്ടുനിരോധനത്തെക്കുറിച്ചും അദ്ദേഹം ഒന്നും മിണ്ടിയില്ല. മോദിജിയുടെ വിശ്വാസ്യതയെ കുറിച്ച് വലിയൊരു ചോദ്യം ഉയര്‍ന്നിരിക്കുന്നു” രാഹുൽ പറഞ്ഞു.

അതിനിടയില്‍ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ മുന്നോട്ടു വന്നു. ഗുജറാത്തിലെ സമ്മതിദായകരെ അപമാനിക്കുന്നതിനു തുല്യമാണ്‌ രാഹുല്‍ഗാന്ധിയുടെ പ്രസ്താവന  എന്നായിരുന്നു പ്രകാശ് ജാവേദ്കറിന്‍റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ