ന്യൂഡല്‍ഹി: ഫ്രാന്‍സുമായുളള റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇടപാടിനെക്കുറിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തതിനെ രാഹുല്‍ കുറ്റപ്പെടുത്തി. 36 വിമാനങ്ങള്‍ക്കായുളള കരാറിനെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ഇത് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യം ആണെന്നും ആയിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന.

ഒരു ബിസിനസുകാരനെ സഹായിക്കാനായി മോദി നേരിട്ട് പാരീസില്‍ പോയി റാഫേല്‍ ഇടപാടില്‍ മാറ്റം വരുത്തിയെന്നും രാഹുല്‍ ആരോപിച്ചു. ‘പ്രതിരോധ മന്ത്രി പറയുന്നത് ഇടപാടുമായി ബന്ധപ്പെട്ട വിവരം പുറത്തു പറയില്ല എന്നാണ്. അതിന്റെ അര്‍ത്ഥം എന്താണ്? ഇതൊരു അഴിമതി ആണെന്നാണ് ഇതിന്റെ അര്‍ത്ഥം. മോദിജി നേരിട്ട് പാരീസിലെത്തി ഇടപാട് തിരുത്തി. രാജ്യം മുഴുവനും ഇക്കാര്യം അറിയാം’, രാഹുല്‍ ആരോപിച്ചു.

റാഫേല്‍ ഇടപാടില്‍ മാധ്യമങ്ങളേയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ചോദ്യങ്ങളുയര്‍ത്തുന്നവരെ സര്‍ക്കാര്‍ ദേശവിരുദ്ധരായി മുദ്രകുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ