ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഇത് നിയമവിരുദ്ധമാണെന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

“യുപിയിലെ സോൺഭദ്രയിൽ പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥത സൃഷ്ടിക്കുന്നു. സ്വന്തം ഭൂമി വിട്ടുനൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ക്രൂരമായി വെടിവച്ചു കൊന്ന 10 ആദിവാസി കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ തടഞ്ഞ അധികാരത്തിന്റെ ദുർവിനിയോഗം ബിജെപി സർക്കാരിന്റെ ഉത്തർപ്രദേശിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നു,” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പൊലീസ് നടപടിക്കെതിരെ പ്രിയങ്ക ശക്തമായി പ്രതിഷേധിച്ചു. തന്നെ തടഞ്ഞുനിര്‍ത്തിയ പൊലീസ് പിന്നീട് പ്രതിഷേധ സ്ഥലത്തുനിന്ന് തന്നെ നീക്കിയെന്ന് പ്രിയങ്ക ആരോപിച്ചു. എന്നാല്‍, പ്രിയങ്കയെ തടഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഇവിടെ സന്ദര്‍ശിക്കാനെത്തിയതാണ് പ്രിയങ്ക ഗാന്ധി. നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ പ്രിയങ്കയുടെ വാഹനം പൊലീസ് തടയുകയായിരുന്നു. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാന്‍ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രിയങ്കയെ പൊലീസ് തടഞ്ഞുനിര്‍ത്തി. പിന്നാലെ പ്രതിഷേധവുമായി പ്രിയങ്ക രംഗത്തെത്തി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കക്കൊപ്പം റോഡില്‍ കുത്തിയിരുന്നു. ഇവിടെ നിന്നാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.

സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പില്‍ 24 പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റവരെ വാരണാസിയിലെ ആശുപത്രിയിലെത്തി വെള്ളിയാഴ്ച രാവിലെ പ്രിയങ്ക സന്ദർശിച്ചിരുന്നു. ഇവിടെനിന്നു സോന്‍ഭദ്രയിലേക്കുള്ള യാത്രമധ്യേയാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook