ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭയിലെ പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി ഭീരുവാണെന്നും ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ നേരിടാതെ ഓടിയൊളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. റഫേലിനെ കുറിച്ചുള്ള ചര്‍ച്ചക്ക് വിളിക്കുമ്പോള്‍ മോദി ഓടിയൊളിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നേരിട്ട് അനില്‍ അംബാനിക്ക് 30000 കോടി നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു. പ്രതിരോധ സേനയുടെ പണമാണ് മോദി മോഷ്ടിച്ചതെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹത്തോട് പോരാടുന്നത് കൊണ്ട് മോദിയെ തനിക്ക് മനസിലാകുന്നുണ്ട്. താനുമായി അഞ്ച് മിനിറ്റ് സംവാദത്തിന് തയ്യാറാണോ എന്നും രാഹുല്‍ ചോദിച്ചു.

ഭൂട്ടാന്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രധാനമന്ത്രി ബീജിങ്ങിലേക്ക് ചെന്ന് തൊഴുകൈയ്യോടെ ചൈനീസ് അധികാരികളുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. അപ്പോള്‍ അവര്‍ക്ക് മനസിലായി മോദിയുടെ നെഞ്ച് 56 ഇഞ്ചല്ല നാലിഞ്ചാണ് എന്നും രാഹുല്‍ പരിഹസിച്ചു.

പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ സംസാരിച്ചിരുന്നു. ‘കളളന്‍ കാവല്‍ക്കാരനെ ചീത്ത പറയുകയാണ്’ എന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു. ‘2014ല്‍ മുഴുവന്‍ ഭൂരപക്ഷവും നല്‍കിയാണ് ജനങ്ങള്‍ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്. എന്നാല്‍ ഇപ്പോള്‍ മഹാ മിലാവത് (മായം ചേര്‍ത്ത) സഖ്യമാണ് വരുന്നത്. മായം ചേര്‍ത്ത സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എന്തുണ്ടാകുമെന്ന് ജനങ്ങള്‍ക്ക് അറിയാം. എന്നാല്‍ ജനങ്ങള്‍ അവരെ തിരഞ്ഞെടുക്കില്ല. ആ സഖ്യം രാജ്യത്തെ എങ്ങനെയൊക്കെ നശിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാം,’ മോദി ലോക്സഭയില്‍ പറഞ്ഞു.

‘വ്യോമസേനയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന്​ താത്​പര്യമില്ല. അതുകൊണ്ടാണ്​ റഫാൽ ഇടപാട്​ വേണ്ടെന്ന്​ വെക്കാൻ ആവശ്യപ്പെടുന്നത്​. ഭരണഘടനയെ ദുരുപയോഗം ചെയ്​തത്​ കോൺഗ്രസാണ്​. 1959ൽ അന്നത്തെ കേന്ദ്ര സർക്കാർ കേരളത്തിലെ കമ്മ്യൂണിസ്​റ്റ്​ സർക്കാറിനെ പിരിച്ചു വിട്ടു. അറുപത്​ വർഷങ്ങൾക്ക്​ ശേഷം ഇന്നും കേരളത്തിലെ സുഹൃത്തുക്കൾ അത്​ ഓർക്കുന്നുവെന്നാണ്​ വിശ്വാസം. പിന്നെ എന്താണ്​ പരിശുദ്ധതയെന്നും എന്താണ്​ ഭരണഘടനാ സ്​ഥാപനങ്ങളോടുള്ള ബഹുമാനമെന്നും മോദി പരിഹാസത്തോടെ ചോദിച്ചു.

‘അഞ്ച്​ വർഷം അതിവേഗമാണ്​ ഭരണം മുന്നോട്ടു പോയത്​. കോൺഗ്രസ്​ 55 വർഷം ഭരിച്ചപ്പോൾ 38% ആയിരുന്നു ശൗചാലയങ്ങൾ ഉണ്ടായിരുന്നത്​. എന്നാൽ 55 മാസം കൊണ്ട്​ തങ്ങൾ അത്​ 98%ത്തിനടുത്തെത്തിച്ചു. 55 വർഷം കൊണ്ട് കോൺഗ്രസ്​ 12 കോടി​ പാചക വാതക കണക്ഷൻ നൽകിയപ്പോൾ 55 മാസം കൊണ്ട്​ തങ്ങൾ അത്​ 13 കോടിയാക്കി വർധിപ്പിച്ചുവെന്നും കഴിഞ്ഞ നാലര വർഷം കൊണ്ട്​ ഇന്ത്യ ഏറ്റവും വലിയ ആറാമത്തെ സമ്പദ്​ വ്യവസ്​ഥയായി മാറിയതായും മോദി അവകാശപ്പെട്ടു.

ഇന്ത്യയുടെ വിദേശനയവും മോദി വിശദീകരിച്ചു. ‘ഇസ്രയേലുമായും പലസ്തീനുമായും ഇന്ത്യ സൗഹൃദത്തിലായിരിക്കും. സൗദിയേയും ഇറാനേയും ചങ്ങാതിമാരാക്കും. നമ്മുട വിദേശനയം രാജ്യത്തെ ലോകവേദികളില്‍ ശക്തിപ്പെടുത്തി,’ മോദി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook