ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ചു കളിയാക്കിയിരുന്നത് ബിജെപി അടക്കമുളള എതിര്‍പാര്‍ട്ടികളായിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ രാഹുലിന് ഈ പരിഹാസ വിളി ഏല്‍ക്കേണ്ടി വന്നെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മീററ്റ് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന വിവേക് പ്രധാനിനെ സംഭവത്തെ തുടര്‍ന്ന് പദവികളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുടെ വാട്ട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ രാഹുലിനെ ‘പപ്പു’ എന്ന് അഭിസംബോധന ചെയ്തതെന്നാണ് വിവരം. എന്നാല്‍ സന്ദേശം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തതെന്നാണ് വിവേക് പ്രധാനിന്റെ ആരോപണം.

തന്റെ ഭാഗം കേള്‍ക്കുക പോലും ചെയ്യാതെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസിലെ പാദസേവയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി വക്താവ് സമ്പിത് പത്ര വ്യക്തമാക്കി.

എന്നാല്‍ താന്‍ നേരിട്ട് രാഹുലിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് വിവേക് പറഞ്ഞു. എന്നാല്‍ താന്‍ വിദേശത്ത് പവുകയാണെന്ന് രാഹുല്‍ ഇന്നലെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് നേതാവ് ഇനിയും കാത്തിരിക്കേണ്ടി വരും. മധ്യപ്രദേശില്‍​ അഞ്ച് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ വിദേശത്തേക്ക് പോകുന്നത് പാര്‍ട്ടിക്ക് അകത്തും പുറത്തും മുറുമുറുപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ