നാഗര്‍കോവില്‍: വരാനിരിക്കുന്ന പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ചും മത്സരിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും മൗനം വെടിഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനെ നയിക്കാത്തതും നയിക്കുന്നതും അല്ലെങ്കില്‍ ഭാരത് ജോഡോ യാത്രയില്‍ ‘പങ്കെടുക്കുന്നതും’ തമ്മില്‍ ഒരു വൈരുധ്യവും കാണുന്നില്ല. എന്താണ് ചെയ്യാന്‍ പോകുന്നതെന്നു താന്‍ വ്യക്തമായി തീരുമാനിച്ചിട്ടുണ്ടെന്നും മനസ്സില്‍ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
”എവിടെയാണ് വൈരുദ്ധ്യം? രാജ്യത്തുടനീളം പദയാത്ര നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ്. ആ നിലയിലും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നയാളെന്ന നിലയിലും ഞാന്‍ യാത്രയില്‍ പങ്കെടുക്കുന്നു. യാത്രയില്‍ എന്റെ പങ്കാളിത്തത്തില്‍ ഒരു വൈരുദ്ധ്യവും ഞാന്‍ കാണുന്നില്ല,” അദ്ദേഹം നാഗര്‍കോവിലില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, താന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് രാഹുലിന്റെ പരാമര്‍ശമെന്നു മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
”നോക്കൂ, ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമോ ഇല്ലയോ എന്ന് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വളരെ വ്യക്തമാകും. അത് വ്യക്തമാകും. അതിനാല്‍ അതുവരെ കാത്തിരിക്കൂ, നിങ്ങള്‍ക്കു വ്യക്തമാകും. ഞാന്‍ നിന്നില്ലെങ്കില്‍ എന്തുകൊണ്ട് നിന്നില്ലയെന്ന് ആ സമയത്ത് നിങ്ങള്‍ക്കു ചോദിക്കാം. അപ്പോള്‍ ഞാന്‍ ഉത്തരം നല്‍കാം. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വ്യക്തത വരും. ഞാന്‍ എന്റെ തീരുമാനങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്,”എന്തുകൊണ്ടാണ് മത്സരിക്കാന്‍ ആഗ്രഹിക്കാത്തതെന്ന ചോദ്യത്തിനു മറുപടിയായി രാഹുല്‍ പറഞ്ഞു.
”പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും. ഞാന്‍ തീരുമാനിച്ചിട്ടില്ലെന്ന് നിങ്ങള്‍ പറഞ്ഞു. ഞാന്‍ വളരെ വ്യക്തമായി തീരുമാനിച്ചു. ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് മനസില്‍ കൃത്യമായി തീരുമാനിച്ചിട്ടുണ്ട്. എന്റെ മനസില്‍ ഒരു ആശയക്കുഴപ്പവുമില്ല,” ഭാരത് ജോഡോ യാത്രയുടെ രണ്ടാം ദിവസം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
”എന്തുകൊണ്ടാണ് ഞാന്‍ അവരെ (പാര്‍ട്ടി വിടുന്നവരെ) ബോധ്യപ്പെടുത്താത്തത്? വ്യക്തമായും അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ എന്നേക്കാള്‍ മികച്ച മാര്‍ഗം ബി ജെ പിക്കുണ്ട്. ഈ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും നിയന്ത്രണം ബി ജെ പി ഏറ്റെടുത്തു. മിക്ക സ്ഥാപനങ്ങളിലും അവരുടെ ആളുകളെ തിരുകിക്കയറ്റി. ഈ സ്ഥാപനങ്ങളിലൂടെ അവര്‍ സമ്മര്‍ദം ചെലുത്തുന്നു.സി ബി ഐ, ഇ ഡി, ആദായനികുതി വകുപ്പ് എന്നിവയുടെ പങ്ക് നിങ്ങള്‍ക്കറിയാം. അവര്‍ ഈ കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി യുദ്ധം ചെയ്യുന്നില്ല. ഞങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് പോരാടുമായിരുന്നു. ഇപ്പോള്‍ പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിയും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും തമ്മിലല്ല. ഇപ്പോള്‍ പോരാട്ടം ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഘടനയും പ്രതിപക്ഷവും തമ്മിലാണ്,” പാര്‍ട്ടിയിലെ ആഭ്യന്തര ഭിന്നതകള്‍ കൈകാര്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
”ഇത് എളുപ്പമുള്ള പോരാട്ടമല്ലെന്ന് എല്ലാവരും മനസിലാക്കുന്നു… മാധ്യമങ്ങള്‍ പ്രതിപക്ഷത്തോടൊപ്പമല്ല… നിങ്ങള്‍ ആഗ്രഹിക്കാത്തത് കൊണ്ടല്ല. പക്ഷേ നിങ്ങള്‍ സമ്മര്‍ദ്ദത്തിലാണ്. നിങ്ങളുടെ ഉടമകള്‍ക്കു സവിശേഷമായ ബന്ധങ്ങളുണ്ട്. അതിനാല്‍ ഇത് എളുപ്പമുള്ള പോരാട്ടമല്ല. അതിനാല്‍ നിരവധി ആളുകള്‍ പോരാടാന്‍ ആഗ്രഹിക്കുന്നില്ല. ബി ജെ പിയുമായി സന്ധിചെയ്യുന്നത് എളുപ്പമാണ്. അവരുടെ മുന്നില്‍ കൈകൂപ്പുന്നതു നിങ്ങളുടെ ജീവിതം എളുപ്പമാക്കും. നിര്‍ഭാഗ്യവശാല്‍, അത് എന്റെ രീതിയല്ല. ഇത് എന്റെ സ്വഭാവമല്ല, അതിനാല്‍ ഇന്ത്യയുടെ ഒരു നിശ്ചിത ആശയത്തിനായി പോരാടുന്നതാണ് എന്റെ സ്വഭാവം. ഈ വസ്തുത ബോധ്യപ്പെട്ട ധാരാളം ആളുകള്‍ കോണ്‍ഗ്രസിലും പ്രതിപക്ഷത്തുമുണ്ട്,”150 ദിവസം കൊണ്ട് 3,570 കിലോമീറ്റര്‍ പിന്നിട്ട് 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കാന്‍ തയാറെടുക്കുന്ന രാഹുല്‍ ഗാന്ധി പറഞ്ഞു.