അഹമ്മദാബാദ്: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ 135 സീറ്റ് നേടി ഗുജറാത്തിൽ കോൺഗ്രസ് അധികാരത്തിലേറുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ടാണ് ബിജെപി സംസ്ഥാനത്ത് ഭരണം പിടിച്ചതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

“കഴിഞ്ഞ 20 വർഷമായി ബിജെപി, സംസ്ഥാനത്ത് കോൺഗ്രസിനെതിരെ അഴിച്ചുവിട്ട വ്യാജപ്രചാരണത്തിന്റെ ഭാഗമായാണ് വിജയം നേടിയത്”, രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോൺഗ്രസിന് സീറ്റുകൾ വിജയിക്കാൻ സാധിക്കില്ലെന്ന തോന്നൽ ഇതോടെ മാറി. ഇനിയങ്ങോട്ട് കൂടുതൽ ശക്തമായ പ്രവർത്തനം കോൺഗ്രസ് കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

90 ശതമാനം കോൺഗ്രസ് പ്രവർതത്തകരും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായി പങ്കാളികളായി എന്ന് പറഞ്ഞ രാഹുൽ, 10 ശതമാനം പേർ ഇതിൽ നിന്ന് മാറി നിന്നതായും പറഞ്ഞു. “അതിന്റെ ഫലമാണ് തിരഞ്ഞെടുപ്പിൽ കാണുന്നത്”, രാഹുൽ പറഞ്ഞു.

“ഗുജറാത്തിലെ കോൺഗ്രസുകാർ അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കാൻ ഉദ്ദേശിച്ചാൽ, ജയിച്ചിരിക്കും. നിങ്ങളിൽ 70 ശതമാനം പേർ ഈ വിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. നമ്മുടെ ഫലം അത് തെളിയിക്കുന്നു. ഇനിയും കൂടുതൽ പേർ ശക്തമായി പ്രചാരണം നടത്തിയാൽ 2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 135 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിലേറും”, രാഹുൽ ഗാന്ധി പറഞ്ഞു.

2019 തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ വളരെ സസൂക്ഷ്മം പ്രവർത്തനങ്ങളെ വീക്ഷിക്കുമെന്ന് രാഹുൽ ഗാന്ധി എംഎൽഎമാരെ ഓർമ്മിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ