ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് 48-ാം പിറന്നാൾ. രാഹുലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാൾ ആശംസകൾ നേർന്നു. ട്വിറ്ററിലൂടെയായിരുന്നു മോദി ആശംസകൾ നേർന്നത്.

‘രാഹുലിന് പിറന്നാൾദിന ആശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യകരവുമായ ജീവിതം ഉണ്ടാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’, ഇതായിരുന്നു മോദി ട്വീറ്റ് ചെയ്‌തത്. കഴിഞ്ഞ വർഷം മോദിയുടെ പിറന്നാൾദിനമായ സെപ്റ്റംബർ 17 ന് രാഹുൽ പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്നിരുന്നു.

നിരവധി കോൺഗ്രസ് നേതാക്കളും രാഹുലിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി നേതാക്കൾ ട്വിറ്ററിലൂടെ രാഹുലിന് ആശംസകൾ നേർന്നിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുളള രാഹുലിന്റെ ആദ്യ പിറന്നാൾ ആഘോഷമാക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.

കഴിഞ്ഞ വർഷം തന്റെ പിറന്നാൾ ദിനത്തിൽ രാഹുൽ ഇറ്റലിയിലായിരുന്നു. 93 കാരിയായ മുത്തശ്ശിയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിക്കാനായിരുന്നു രാഹുൽ ഇറ്റലിയിലേക്ക് പോയത്.

2004 ലാണ് രാഹുൽ സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് രാഹുലിനെയാണ്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയാണെങ്കിൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നതിൽ താൻ വിമുഖത കാട്ടില്ലെന്നും രാഹുൽ പറഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ