/indian-express-malayalam/media/media_files/uploads/2023/01/Rahul-Gandhi-Bhart-Jodo-Yathra.jpg)
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കോടിക്കണക്കിനു രൂപ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അദാനി, അംബാനി തുടങ്ങിയ വന്‍കിട വ്യവസായികള്‍ രാഹുലൊഴികെ എല്ലാവരെയും വാങ്ങുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
ഡല്‍ഹിയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്കു പ്രവേശിച്ച ഭാരത് ജോഡോ യാത്രയെ ലോനിയില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. 'സത്യത്തിന്റെ പാത' പിന്തുടരുന്നതിനു സഹോദരനെ പ്രശംസിച്ച പ്രിയങ്ക, യാത്രയില്‍ പങ്കെടുത്തവരോട് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും സന്ദേശം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ അഭ്യര്‍ഥിച്ചു.
''എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠാ, നിങ്ങളെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. കാരണം നിങ്ങളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ആയിരക്കണക്കിനു കോടി രൂപ ചെലവഴിച്ചു. പക്ഷേ നിങ്ങള്‍ പിന്മാറിയില്ല. അദാനിജിയും അംബാനിജിയും നേതാക്കളെ വാങ്ങി, പൊതുമേഖലാ സ്ഥാപനങ്ങളെ വാങ്ങി, മാധ്യമങ്ങളെ വാങ്ങി. പക്ഷേ എന്റെ സഹോദരനെ വാങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നു,'' പ്രിയങ്ക പറഞ്ഞു.
ഡിസംബര്‍ 24നു വൈകീട്ട് ഡല്‍ഹി ചെങ്കോട്ടയില്‍ സമാപിച്ച ഭാരത് ജോഡോ യാത്ര ഒന്‍പതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നു പുനഃരാരംഭിച്ചത്. അടുത്ത മൂന്നു ദിവസം ഉത്തര്‍പ്രദേശില്‍ സഞ്ചരിക്കുന്ന യാത്ര ആറിനു ഹരിയാനയില്‍ വീണ്ടും പ്രവേശിക്കും. തുടര്‍ന്നുജനുവരി 11 മുതല്‍ 20 വരെ പഞ്ചാബില്‍ പര്യടനം നടത്തും. ഇതിനിടെ 19നു ഹിമാചല്‍ പ്രദേശിലേക്കു കടക്കുന്ന യാത്ര 20നു ജമ്മു കശ്മീരിലെത്തും.
അടുത്തിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചിരുന്നു. പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന ഹിമാചലിന്റെ ഭാഗങ്ങളിലൂടെ യാത്ര കടന്നുപോകുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.