ന്യൂഡല്‍ഹി: ഏതു തരത്തിലുള്ള നിരോധനവും അടിച്ചമര്‍ത്തലും ജനങ്ങളെ ഭയപ്പെടുത്തുന്നതും സത്യം പുറത്തുവരുന്നതു തടയാന്‍ സഹായിക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002 ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള വിവാദ ബി ബി സി ഡോക്യുമെന്ററിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെയാണു രാഹുലിന്റെ പ്രതികരണം.
‘ഇന്ത്യ: മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും സര്‍ക്കാര്‍ വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. വസ്തുനിഷ്ഠമല്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ‘പ്രചാരണ ശകലം’ എന്നാണു ഡോക്യുമെന്ററിയെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
”നിങ്ങള്‍ നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍, ഭഗവദ്ഗീതയോ ഉപനിഷത്തുകളോ വായിച്ചാല്‍ അതില്‍ കാണും സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് എഴുതിയത്. സത്യം എപ്പോഴും പുറത്തുവരുന്നു. നിങ്ങള്‍ക്കു നിരോധിക്കാം, നിങ്ങള്‍ക്കു മാധ്യമങ്ങളെ അടിച്ചമര്‍ത്താം, നിങ്ങള്‍ക്കു സ്ഥാപനങ്ങളെ നിയന്ത്രിക്കാം, നിങ്ങള്‍ക്കു സിബിഐ, ഇഡി തുടങ്ങിയവയെ ഉപയോഗപ്പെടുത്താം. പക്ഷേ, സത്യം സത്യമാണ്,” രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ വാര്‍ത്താ സമ്മേളനത്തില്‍ ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ മറുപടി.
സത്യം തെളിമയോടെ പ്രകാശിക്കും. പുറത്തുവരുന്ന അപ്രിയമായ ശീലമുണ്ട്. അതിനാല്‍, നിരോധനവും അടിച്ചമര്‍ത്തലും ആളുകളെ ഭയപ്പെടുത്തലും സത്യം പുറത്തുവരുന്നതു തടയാന്‍ സഹായിക്കില്ല,” രാഹുല്‍ പറഞ്ഞു.
ബി ബി സി ഡോക്യുന്ററിക്കു ‘സെന്‍സര്‍ഷിപ്പ്’ ഏര്‍പ്പെടുത്തിയതിനെ കോണ്‍ഗ്രസ് ശനിയാഴ്ച വിമര്‍ശിച്ചിരുന്നു. 2002ലെ ഗുജറാത്ത് കലാപശേഷം അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നരേന്ദ്ര മോദിയെ രാജധര്‍മത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത് എന്തുകൊണ്ടാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ചോദ്യം.
അതേസമയം, വിവാദമായ ഡോക്യുമെന്ററിക്കെതിരെ കടുത്ത വിമര്‍ശമാണു ബി ജെ പി ഉയര്‍ത്തിയത്. ഇന്ത്യയുടെ പ്രതിച്ഛായയെ ‘ക്ഷുദ്രകരമായ പ്രചാരണങ്ങള്‍’ കൊണ്ട് അപമാനിക്കാന്‍ കഴിയില്ലെന്നാണു നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്.
ഡോക്യുമെന്ററിയുടെ പുതിയ ലിങ്കുകള്‍ ആരെങ്കിലും വീണ്ടും അപ്ലോഡ് ചെയ്യുകയോ ട്വീറ്റ് ചെയ്യുകയോ ചെയ്താല്‍ നീക്കം ചെയ്യണമെന്നു കേന്ദ്രം യൂട്യൂബിനോടും ട്വിറ്ററിനോടും പറഞ്ഞതായാണു ബന്ധപ്പെട്ട വൃത്തങ്ങളില്‍നിന്നുള്ള വിവരം.